ദലിത് സംവരണം അട്ടിമറിക്കാന്‍ മോദിസര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നു: ബിജെപി എംപി 

തൊഴില്‍രംഗത്ത് ദലിതര്‍ക്കുളള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നതായി ബിജെപി എംപി.
ദലിത് സംവരണം അട്ടിമറിക്കാന്‍ മോദിസര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നു: ബിജെപി എംപി 

ലക്‌നൗ: തൊഴില്‍രംഗത്ത് ദലിതര്‍ക്കുളള സംവരണം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഡാലോചന നടത്തുന്നതായി ബിജെപി എംപി. ദലിത് പ്രക്ഷോഭത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്ന സാവിത്രി ഭായ് ഫൂലെയാണ് വീണ്ടും ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ  കേന്ദ്രസര്‍ക്കാരിന്റെ ഭരണകാലത്ത് ദലിതര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ ഏറ്റവും ഉയര്‍ന്ന തലത്തിലാണെന്നും എം പി ആരോപിച്ചു. 
ഇതോടെ ഉത്തര്‍പ്രദേശിലെ ദലിത് ബിജെപി എംപിമാരുടെ അമര്‍ഷം ശമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തുടക്കത്തിലെ കല്ലുകടിയായി.

സാമൂഹ്യപരിഷ്‌കര്‍ത്താവും ദലിത് നേതാവുമായ ജ്യോതിബാ ഫൂലെയുടെ ജന്മവാര്‍ഷികദിനത്തിലാണ് വിമത ബിജെപി എംപിയായ സാവിത്രി ഭായ് ഫൂലെ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ചത്. ജാതിയെ അടിസ്ഥാനമാക്കിയുളള സെന്‍സെസ് നടത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. ഇതിലുടെ വിവിധ ജാതിവിഭാഗങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സഹായകമാകും. ഇതുപയോഗിച്ച് ഉചിതമായ നിലയില്‍ തൊഴില്‍ ക്വാട്ട അനുവദിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും സാവിത്രി ഭായ് ഫുലെ ആവശ്യപ്പെട്ടു.

ഭാരത് ബന്ദില്‍ ദലിതര്‍ക്ക് എതിരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരും അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു. ലക്‌നൗവില്‍ ജ്യോതിബാ ഫുലെയുടെ ജന്മവാര്‍ഷിക ദിനാഘോഷത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പങ്കെടുക്കുന്ന വേളയിലാണ് എംപിയുടെ പ്രതികരണം.

പ്രതിഷേധപരിപാടിയില്‍ കൊല്ലപ്പെട്ടവരുടെ സ്മരണ പുതുക്കി എല്ലാവര്‍ഷവും ഏപ്രില്‍ രണ്ട് ബഹുജന്‍ സ്വാഭിമാന്‍ ദിവസ് ആയി ആചരിക്കും. ഇരകളുടെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും നല്‍കണമെന്ന് സാവിത്രി ഭായ് ഫുലെ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com