സുപ്രീംകോടതിയിലെ പരമാധികാരി ചീഫ് ജസ്റ്റിസ് ; ജോലി വിഭജനത്തിന് ചട്ടം വേണമെന്ന ഹര്‍ജി തള്ളി

സുപ്രീംകോടതിയിലെ പരമാധികാരി ചീഫ് ജസ്റ്റിസ് ; ജോലി വിഭജനത്തിന് ചട്ടം വേണമെന്ന ഹര്‍ജി തള്ളി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ചുനല്‍കുന്നതില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനെന്ന് കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി ജോലി വിഭജനത്തില്‍ പരമാധികാരം ചീഫ് ജസ്റ്റിസിനാണ്. ഭരണഘടന നല്‍കുന്ന അധികാരമാണെന്നും കോടതി വ്യക്തമാക്കി. 

കേസുകള്‍ വിഭജിച്ച് നല്‍കുന്നതിന് ചട്ടം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഭിഭാഷകനായ അശോക് പാണ്ഡെയാണ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്. കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കുന്നതിന് സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്ന് ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി കോടതി തള്ളി. 

കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്നതിനും, കേസുകള്‍ കേള്‍ക്കാന്‍ ബെഞ്ചുകള്‍ രൂപീകരിക്കാനും ചീഫ് ജസ്റ്റിസിന് പൂര്‍ണമായ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ മുതിര്‍ന്ന രണ്ട് ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കോടതി തള്ളി.

നേരത്തെ സുപ്രീംകോടതിയില്‍ കേസുകള്‍ നല്‍കുന്നതിലെ വിവേചനത്തിനെതിരെ മുതിര്‍ന്ന ജഡ്ജിമാരായ ജെ ചെലമേശ്വറുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൗഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ നടപടികളെ വിമര്‍ശിച്ചത്. വിവാദമായ ജസ്റ്റിസ് ലോയ കേസ് അടക്കമുള്ള കേസുകള്‍ ബെഞ്ചുകള്‍ക്ക് കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് പക്ഷപാതിത്വ സമീപനം കൈക്കൊള്ളുന്നുവെന്നായിരുന്നു ആക്ഷേപം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com