ഉത്തര്‍പ്രദേശില്‍ അംബേദ്കറെ ഇരുമ്പ് കൂട്ടിലാക്കി

ഉത്തര്‍പ്രദേശില്‍ അംബേദ്ക്കറുടെ പ്രതിമയ്ക്ക് ഇരുമ്പ് കവചം ഒരുക്കി - കവചമൊരുക്കിയത് ആരെന്നറിയാതെ പൊലീസ്‌ 
ഉത്തര്‍പ്രദേശില്‍ അംബേദ്കറെ ഇരുമ്പ് കൂട്ടിലാക്കി

ലഖ്‌നോ: ഭരണഘടനാശില്‍പിയായ അംബേദ്കറുടെ പ്രതിമ തകര്‍ക്കുന്നതും ഛായം പൂശുന്നതുമായ വാര്‍ത്തകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ അംബേദ്ക്കറുടെ പ്രതിമ സംരക്ഷിക്കാനെന്നോണം പ്രതിമക്ക് ചുറ്റും ഇരുമ്പ്ച്ചട്ടക്കൂട് തീര്‍ത്തു. 

സദാര്‍ ക്വത്വ പൊലീസ് സ്റ്റേഷന് സമീപമാണ് അംബേദ്ക്കറുടെ പ്രതിമക്ക് ഇരുമ്പ് കവചം ഒരുക്കിയത്. എന്നാല്‍ ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ലെന്നാണ് പൊലീസ്  പറയുന്നത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഹോം ഗാര്‍ഡുകളെ പ്രതിമയ്ക്ക് സമീപം നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. 24 മണിക്കൂറും മാറി മാറി സുരക്ഷ ഒരുക്കാനാണ് മൂന്ന് ഹോം ഗാര്‍ഡുകളെ നിയോഗിച്ചിട്ടുള്ളത്. അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14 വരെ പ്രതിമയ്ക്ക് സംരക്ഷണം നല്‍കാനാണ് പോലീസിന്റെ നീക്കം. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ ശ്രമിച്ചേക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിതെന്ന് പോലീസ് പറഞ്ഞു.

ബദായൂമില്‍ ജില്ലാ ഭരണകൂടം സ്ഥാപിച്ച കാവി നിറംപൂശിയ അംബേദ്കര്‍ പ്രതിമയുടെ നിറം മാറ്റിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിമയുടെ കാവിനിറം മാറ്റി നീല നിറം പൂശിയത്. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തള്ളിത്തകര്‍ത്തതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്ഥാപിച്ച പുതിയ പ്രതിമയാണ് വിവാദത്തിന് ഇടയാക്കിയത്.

അംബേദ്ക്കര്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യത്ത് അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വ്യാപകമായി അംബേദ്കര്‍ ജയന്തി  ആചരിക്കാന്‍ ബിജെപിയും ബിഎസ്പിയും ആഹ്വാനം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com