ലൈംഗിക പീഡനകേസില്‍ യുപി പൊലീസ് എന്തുകൊണ്ട് എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഉന്നാവോ ലൈംഗിക പീഡനക്കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം - എന്തുകൊണ്ട് ആരോപണവിധേയനായ എംഎല്‍എ കുല്‍ദിപ് സിങ് സങ്കാറിനെ അറസ്റ്റ് ചെയ്തില്ല 
ലൈംഗിക പീഡനകേസില്‍ യുപി പൊലീസ് എന്തുകൊണ്ട് എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ലഖ്‌നോ: ഉന്നാവോ ലൈംഗിക പീഡനക്കേസില്‍ ഉത്തര്‍പ്രദേശ് പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ എന്തുകൊണ്ട് ആരോപണവിധേയനായ എംഎല്‍എ കുല്‍ദിപ് സിങ് സങ്കാറിനെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ അലഹബാജ് കോടതി എംഎല്‍എയ്‌ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു

മാനഭംഗക്കുറ്റം ചുമത്തിയാണ് എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്. കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തു. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസെടുക്കാനും, അന്വേഷണം സിബിഐക്ക് വിടാനും ഉത്തരവിടുകയായിരുന്നു.

കേസില്‍ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിംഗിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ആരോപണ വിധേയനായ എംഎല്‍എയെ അറസ്റ്റു ചെയ്യാത്തതില്‍ മേഖലയില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.എംഎല്‍എക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയശ്രദ്ധ ആകര്‍ഷിച്ചത്.

ഇതേ ദിവസം രാത്രിപെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് (50) ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയിലിരിക്കെ ഇയാളെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പപ്പു സിംഗിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.

2017 ജൂലായ് നാലിനാണ് എം.എല്‍.എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ പരാതി പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ എം.എല്‍.എയും ബി.ജെ.പി നേതൃത്വവും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഇക്കഴിഞ്ഞ മൂന്നാം തീയതി ഉന്നാവോയില്‍ വച്ച് എം.എല്‍.എയുടെ കൂട്ടാളികള്‍ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പപ്പു സിംഗിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സംഘര്‍ഷമായി മാറിയപ്പോള്‍ പൊലീസ് എത്തി പപ്പു സിംഗിനെ മാത്രം അറസ്റ്റു ചെയ്തു. തുടര്‍ന്ന് അഞ്ചിന് റിമാന്‍ഡിലാക്കി ജില്ലാ ജയിലിലേക്ക് മാറ്റി. ഇവിടെ വച്ചാണ് എട്ടിന് പപ്പു സിംഗ് മരിച്ചത്. ബലാല്‍സംഗത്തിലും പിതാവിന്റെ മരണത്തിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സിബിഐക്ക് കൈമാറാനും യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com