സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി 'ഗോബാക്ക് മോദി'

കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌സംഘടനകള്‍ ഉയര്‍ത്തിയ മോദി ഗോബാക്ക് മുദ്രാവാക്യം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി 'ഗോബാക്ക് മോദി'

ചെന്നൈ: കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌സംഘടനകള്‍ ഉയര്‍ത്തിയ മോദി ഗോബാക്ക് മുദ്രാവാക്യം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്യാന്‍ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് മോദി ഗോബാക്ക് വിളികളാണ്. മോദി വിമാനമിറങ്ങി മിനിറ്റുകള്‍ക്കകം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സിനിമ സംഘടനകളുടെയും ബാനറില്‍ നിരവധി പ്രവര്‍ത്തകരാണ് മോദിക്കെതിരെ കരിങ്കൊടി വീശിയത്. വിഷയം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ്  ഗോബാക്ക് മോദി എന്ന പേരില്‍ ഹാഷ് ടാഗും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ, സിനിമ രംഗത്തെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തുവന്നതോടെ ട്വറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവുമായി ഇതുമാറി.365000 ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ ഇതുവരെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

നേരത്തെ പ്രതിഷേധവുമായി എത്തിയ രാഷ്ട്രീയ നേതാക്കളയും സാമൂഹ്യ കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഭാരതിരാജ, വെട്രിമാരന്‍,ഗൗതമന്‍,ആമിര്‍ തുടങ്ങി നിരവധി നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അണ്ണാശാലയില്‍ വിമാനത്താവളം മുതല്‍ സെയ്ദാപേട്ട് വരെ ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ഡിഎംകെയുടെ നേതൃത്വത്തിലുളള പ്രതിഷേധത്തിന്റെ ഭാഗമായി ഡിഎംകെ നേതാവ് കരുണനിധിയുടെ വീടിനു മുമ്പിലും കരിങ്കൊടി ഉയര്‍ത്തിയിരുന്നു. 

ചെന്നൈയിലെത്തിയ  പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ശക്തമായതോടെ യാത്ര ഹെലികോപ്റ്ററിലാക്കിയ മോധിയ്ക്ക് നേരെ പ്രതിഷേധകര്‍ കറുത്ത ബലൂണുകള്‍ പറത്തി.കറുത്ത ബലൂണുകളില്‍ കറുത്ത തുണികള്‍ കൂടി കെട്ടിയാണ് ഇത് ആകാശത്തേക്ക് പറത്തി വിട്ടത്. 

കാവേരി വിഷയത്തില്‍ തമിഴ്‌നാടിന് നീതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നടനും നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. വീഡിയോ സന്ദേശത്തിലുടെയായിരുന്നു കമല്‍ഹാസന്റെ അഭ്യര്‍ത്ഥന. 

'തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് കാവേരി വിഷയത്തില്‍ തീരുമാനമുണ്ടാകാന്‍ വൈകുന്നത് മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാട തെരഞ്ഞെടുപ്പു മൂലമാണെന്നാണ്. ഈ വിശ്വാസം തിരുത്തപ്പെടണമെന്നാണ് എന്റെ ആഗ്രഹം. തെരഞ്ഞെടുപ്പുകളെക്കാള്‍ വലുതാണ് ജനങ്ങള്‍' കമല്‍ഹാസന്‍ പറഞ്ഞു.

തമിഴ്‌നാടിനും കര്‍ണാടകയ്ക്കും നീതി നല്‍കൂ. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കൂ കമല്‍ പറയുന്നു. 'എനിക്കുറപ്പാണ് താങ്കള്‍ വേണ്ടത് ചെയ്യുമെന്ന്. താങ്കള്‍ അത് ചെയ്‌തേ മതിയാകൂ' എന്നു പറഞ്ഞാണ് കമല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

തമിഴക വാഴ്‌വുരുമൈ കച്ചി പ്രവര്‍ത്തകര്‍ വലിയ ഒരു പരസ്യബോര്‍ഡിന് മുകളില്‍ കയറി നിന്ന് കരിങ്കൊടി വീശിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇയ്യാളെ താഴെയിറക്കാന്‍ പൊലീസ് ആകുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com