എല്ലാം അഭ്യൂഹങ്ങള്‍ മാത്രം; എസ് എം കൃഷ്ണ തങ്ങള്‍ക്ക് ഒപ്പം തന്നെയെന്ന് ബിജെപി 

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ തിരിച്ച് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി അടുത്ത വൃത്തങ്ങള്‍
എല്ലാം അഭ്യൂഹങ്ങള്‍ മാത്രം; എസ് എം കൃഷ്ണ തങ്ങള്‍ക്ക് ഒപ്പം തന്നെയെന്ന് ബിജെപി 

ബംഗലൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ തിരിച്ച് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി അടുത്ത വൃത്തങ്ങള്‍. കര്‍ണാടക തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായാല്‍ പാര്‍ട്ടിക്ക് വേണ്ടി എസ് എം കൃഷ്ണ പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിജെപി വ്യക്തമാക്കി. കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നുവെന്ന ചോദ്യം പോലും അപ്രസക്തമാണെന്നും ബിജെപി ചൂണ്ടികാട്ടി.

ബിജെപി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയ്ക്ക് പിന്നാലെ മകള്‍ക്ക് സീറ്റ് നല്‍കാത്തതും കണക്കിലെടുത്ത് കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നു എന്ന നിലയിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് ഒരു വര്‍ഷം മുമ്പാണ് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ രാജരാജേശ്വരി സീറ്റ് മകള്‍ ശംഭവിക്ക് നല്‍കണമെന്ന് കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കൃഷ്ണയുടെ മകള്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത പട്ടികയിലും മകളെ പരിഗണിച്ചില്ലെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിട്ടേക്കുമെന്നാണ് അഭ്യൂഹം പരന്നത്. ഇതിന് പിന്നാലെയാണ് എസ് എം കൃഷ്ണ ബിജെപിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന സ്ഥിരീകരണവുമായി ബിജെപി രംഗത്തുവന്നത്.

50 വര്‍ഷത്തോളം നീണ്ട കോണ്‍ഗ്രസ് സഹവാസം അവസാനിപ്പിച്ച് 2017 മാര്‍ച്ചിലാണ് കൃഷ്ണ ബിജെപിയിലേക്കു ചേക്കേറിയത്.എണ്‍പത്തിനാലുകാരനായ കൃഷ്ണ, 1962 ല്‍ പിഎസ്പി ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1968 ല്‍ മണ്ഡ്യയില്‍ നിന്നും ലോക്‌സഭാംഗമായ കൃഷ്ണ 70 കളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1999 ല്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍ കൃഷ്ണ മുഖ്യമന്ത്രിയായി. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. തുടര്‍ന്ന് മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടര്‍ന്നു. കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി അദ്ദേഹം പാര്‍ട്ടി വിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com