അഞ്ച് മാസം എയിംസിലെ ഡോക്റ്ററുടെ വേഷംകെട്ടി; പിടിയിലായ 19 കാരന്റെ മരുന്നുകളെക്കുറിച്ചുള്ള അറിവില്‍ ഞെട്ടിത്തരിച്ച് പൊലീസ്‌

ഡോക്റ്റര്‍മാര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള സമരങ്ങള്‍ മുതല്‍ മാരത്തോണ്‍ വരെ അഡ്‌നാന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്റ്റര്‍മാരുടെ സംഘടന പറയുന്നത്
അഞ്ച് മാസം എയിംസിലെ ഡോക്റ്ററുടെ വേഷംകെട്ടി; പിടിയിലായ 19 കാരന്റെ മരുന്നുകളെക്കുറിച്ചുള്ള അറിവില്‍ ഞെട്ടിത്തരിച്ച് പൊലീസ്‌

ന്യൂഡല്‍ഹി; കഴിഞ്ഞ അഞ്ച് മാസമായി എയിംസിലെ ഡോക്റ്ററുടെ വേഷംകെട്ടി എല്ലാവരേയും കബളിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ മേഖലയില്‍ സുഹൃത്തുക്കളെയുണ്ടാക്കാന്‍ വേണ്ടിയാണ് അഡ്‌നാന്‍ ഖുറം എന്ന യുവാവ് വ്യാജ ഡോക്റ്ററായി വേഷം മാറിയത്. ഡോക്റ്റര്‍മാര്‍ക്കു വേണ്ടി നടത്തിയിട്ടുള്ള സമരങ്ങള്‍ മുതല്‍ മാരത്തോണ്‍ വരെ അഡ്‌നാന്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് എയിംസിലെ ഡോക്റ്റര്‍മാരുടെ സംഘടന പറയുന്നത്. എന്നാല്‍ ഇയാളുടെ മെഡിസിനിലുള്ള അറിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. മരുന്നുകളെക്കുറിച്ച് മാത്രമല്ല എല്ലാ ഡോക്റ്റര്‍മാരുടെ പേരുകളും എയിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളെക്കുറിച്ചും ഇയാള്‍ക്ക് വ്യക്തമായി അറിയാം. 

എന്നാല്‍ ഇങ്ങനെ ഒരു വേഷം കെട്ടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ലാബ് കോട്ടും സ്‌തെതസ്‌കോപ്പും ധരിച്ചുകൊണ്ട് ഇയാള്‍ ക്യാമ്പസില്‍ ചുറ്റിത്തിരിയുന്നുണ്ടാകും. ഓരോ ഡോക്റ്റര്‍മാരോടും ഓരോ കാര്യങ്ങള്‍ പറഞ്ഞാണ് ഇയാള്‍ പരിചയപ്പെടുന്നത്. ചിലരോട് ഇയാള്‍ ജൂനിയര്‍ റഡിസന്റ് ഡോക്റ്റര്‍ ആണെന്നു പറയും. ജൂനിയര്‍ റഡിസന്റ് ഡോക്റ്റര്‍മാരോട് മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും. ഡോക്റ്റര്‍മാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരെ ഇയാള്‍ കടന്നു കയറി. സംശയം തോന്നി മാസങ്ങളോളും നിരീക്ഷിച്ചതിന് ശേഷമാണ് ഇയാള്‍ക്കെതിരേ നടപടിയെടുത്തത്. 

എയിംസില്‍ 2000 ത്തോളം റഡിസന്റ് ഡോക്റ്റര്‍മാരാണ് ഉള്ളത്. ഇത് മുതലെടുത്താണ് ഇയാള്‍ കള്ളക്കളി നടത്തിയത്. ഡോക്റ്റര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിച്ച മാറത്തോണില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. ചില ഡോക്റ്റര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ ഏല്‍പ്പിച്ചത്. ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഡോക്റ്റര്‍മാരുടെ കോട്ട് ധരിച്ചു നില്‍ക്കുന്ന നിരവധി ഫോട്ടോകള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. ബിഹാര്‍ സ്വദേശിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com