സംവരണത്തിന്റെ ഗുണം കഴിവുകുറഞ്ഞവര്‍ക്ക്; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

90 ശതമാനം മാര്‍ക്ക് നേടിയ ഒരാളെ മറികടന്ന് 40 ശതമാനം മാര്‍ക്ക് നേടിയ ആള്‍ ഉദ്യോഗത്തിനോ മറ്റോ യോഗ്യത നേടുകയാണെങ്കില്‍ അത്തരം പ്രവൃത്തി രാജ്യത്തിന് ദോഷകരമാകുമെന്നും മന്ത്രി
സംവരണത്തിന്റെ ഗുണം കഴിവുകുറഞ്ഞവര്‍ക്ക്; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

ഭോപ്പാല്‍: സംവരണത്തിനെതിരെ മധ്യപ്രദേശിലെ ബിജെപി മന്ത്രി രംഗത്ത്. സംവരണ സംവിധാനം രാജ്യത്തിന്റെയോ ജനങ്ങളുടെയോ താത്പര്യങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് നഗരവികസനമന്ത്രി ഗോപാല്‍ ഭാര്‍ഗവ് പറഞ്ഞു. ബ്രാഹ്മണസമൂഹം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം

സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവരെ ഉയര്‍ത്തിക്കൊണ്ടുവരണം. എന്നാല്‍ സംവരണത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയാണ്. കൊളേജുകളില്‍ ജോലിക്കോ അഡ്മിഷന്‍ നേടുന്നതിനോ അര്‍ഹതയുള്ളവരുടെ അവസരങ്ങളാണ് സംവരണത്തിന്റെ പേരില്‍ കഴിവ് കുറഞ്ഞവര്‍ നേടുന്നത്. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.90 ശതമാനം മാര്‍ക്ക് നേടിയ ഒരാളെ മറികടന്ന് 40 ശതമാനം മാര്‍ക്ക് നേടിയ ആള്‍ ഉദ്യോഗത്തിനോ മറ്റോ യോഗ്യത നേടുകയാണെങ്കില്‍ അത്തരം പ്രവൃത്തി രാജ്യത്തിന് ദോഷകരമാകുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സംവരണസംവിധാനത്തിലൂടെ നീതി ലഭിക്കേണ്ടിടത്ത് അനീതിയാണ് ലഭിക്കുന്നത്. രാജ്യം സ്വാതന്ത്യം നേടിയ സമയത്ത് നാലിലൊന്ന് എംപിമാരും എംഎല്‍എമാരും ബ്രാ്ഹ്മണരായിരുന്നു. എന്നാല്‍ ഇന്ന് അത് പത്ത് ശതമാനത്തിലും താഴെയായെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ബിജെപിയുടെ ദളിത് വിരുദ്ധ വികാരമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടെ സംവരണവിരുദ്ധവികാരമാണ് മന്ത്രിയിലൂടെ പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പങ്കജ് ചതുര്‍വേദി പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ഭരണഘടനപ്രകാരമുള്ള സംവരണത്തെ ഞാന്‍ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com