ജീവിതം കളഞ്ഞത് ഹിന്ദുക്കള്‍ക്ക് വേണ്ടി; ഇപ്പോള്‍ പുറത്താക്കിയത് എന്തിന്?,വിഎച്ച്പി ഓഫീസിന് മുന്‍പില്‍ തൊഗാഡിയുടെ നിരാഹാര സമരം 

ജീവിതം കളഞ്ഞത് ഹിന്ദുക്കള്‍ക്ക് വേണ്ടി; ഇപ്പോള്‍ പുറത്താക്കിയത് എന്തിന്?,വിഎച്ച്പി ഓഫീസിന് മുന്‍പില്‍ തൊഗാഡിയുടെ നിരാഹാര സമരം 

വിഎച്ച്പിയില്‍ നിന്നും പുറത്തുപോയതിന് പിന്നാലെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ

അഹമ്മദാബാദ്: വിഎച്ച്പിയില്‍ നിന്നും പുറത്തുപോയതിന് പിന്നാലെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതിരുന്ന തന്നെ എന്തിന് പുറത്താക്കിയെന്ന് മോദിയെ പരോക്ഷമായി പരാമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ വിമര്‍ശിച്ചു. അയോധ്യയില്‍ ഉടന്‍ രാമ ക്ഷേത്രം പണിയുക ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗുജറാത്തിലെ വിഎച്ച്പി ആസ്ഥാനത്തിന് മുന്‍വശം അനിശ്ചിത കാല നിരാഹാര സമരത്തിന് തുടക്കമിട്ടാണ് തൊഗാഡിയ മോദിക്കെതിരെ പുതിയ പോര്‍മുഖം തുറന്നത്.

ഹിന്ദുക്കളുടെ ക്ഷേമത്തിനായാണ് കഴിഞ്ഞ അമ്പതുവര്‍ഷകാലം പ്രവര്‍ത്തിച്ചത്. പ്രധാനമന്ത്രി പദം ഉള്‍പ്പെടെ സ്ഥാനമാനങ്ങള്‍ ഒന്നും തന്നെ ആഗ്രഹിക്കാതെ പ്രവര്‍ത്തിച്ച തന്നെ എന്ത് കാരണത്താലാണ് പുറത്താക്കിയതെന്ന് അറിയില്ല. കുറഞ്ഞ പക്ഷം തേയില ബാഗോ പകോഡ പാകം ചെയ്യുന്ന പാത്രമോ പോലും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

അയോധ്യയില്‍ രാമ ക്ഷേത്രം പണിയണമെന്ന ആവശ്യം മാത്രമാണ് താന്‍ മുഖ്യമായി മുന്നോട്ടുവെച്ചത്. ഈ പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് മോദി പ്രധാനമന്ത്രി പദത്തില്‍ എത്തിയതെന്നും പ്രവീണ്‍ തൊഗാഡിയ ആരോപിച്ചു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല. രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യത്തില്‍ മോദി പിന്തുടരുന്ന മൗനത്തില്‍ മാത്രമാണ് ഞങ്ങള്‍ തമ്മില്‍ ഭിന്നതയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി. 2001 ല്‍ താന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായേനെയെന്നും തൊഗാഡിയ ഓര്‍മ്മിപ്പിച്ചു.

അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് മാത്രമേ അനുസരിക്കുകയുളളുവെന്നാണ് മോദിയുടെ വാദം. 1982ല്‍ അയോധ്യ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ഏതെങ്കിലും കോടതി ഉത്തരവ് ഉണ്ടായിരുന്നുവോ എന്ന് തൊഗാഡിയ ചോദിച്ചു. അദ്വാനി സോമനാഥ ക്ഷേത്രത്തില്‍ നിന്നും രഥയാത്ര ആരംഭിക്കുമ്പോഴും ഒരു കോടതി ഉത്തരവ് ഉണ്ടായതായി തനിക്ക് ഓര്‍മ്മയില്ല.1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോടതി എവിടെയായിരുന്നുവെന്നും തൊഗാഡിയ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com