ബലാത്സംഗം നിത്യസംഭവമായി; നമ്മള്‍ പ്രതികളും; ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്നകത്ത്

മോദി ഭരണത്തിന്‍ കീഴില്‍ സ്ത്രികള്‍ക്ക് സുരക്ഷിതത്വമില്ല - രാജ്യത്ത് ബലാത്സംഗങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു
ബലാത്സംഗം നിത്യസംഭവമായി; നമ്മള്‍ പ്രതികളും; ബിജെപി എംപിമാര്‍ക്ക് യശ്വന്ത് സിന്‍ഹയുടെ തുറന്നകത്ത്

ന്യൂഡല്‍ഹി: ബിജെപി എംപിമാര്‍ക്ക് തുറന്ന കത്തുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. രാജ്യത്ത് ബലാത്സംഗങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. നമ്മുടെ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ  ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. പല ബലാത്സംഗ കേസുകളിലും ഉള്‍പ്പെടുന്നത് നമ്മടെ ആളുകളാണെന്നും യശ്വന്ത് സിന്‍ഹ എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കൈക്കൊണ്ട തീരുമാനങ്ങള്‍ യഥാവിധി വിലയിരുത്താന്‍ എംപിമാര്‍ തയ്യാറാവണമെന്നാതാണ് കത്തിന്റെ ഉള്ളടക്കം. മോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്നതാണ് കത്ത്. ദേശീയതാത്പര്യം മുന്‍നിര്‍ത്തി അദ്വാനി, ജോഷി തുടങ്ങിയ മുതിര്‍ന്ന നോതാക്കള്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം. അല്ലാത്തപക്ഷം അത് രാജ്യത്തിന്റെ ഭാവിയെ ദേഷകരമായി ബാധിക്കും. മോദി സര്‍ക്കാരിന്റെ കീഴില്‍ ചെറിയ ചെറിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വലിയ പരാജയമാണ് രാജ്യത്തിന് നല്‍കിയത്.  ഇക്കാര്യം തുറന്നുപറയാന്‍ പാര്‍ട്ടി നേതാക്കളും എംപിമാരും തയ്യാറാകണം. അതുകൊണ്ട് ധൈര്യം വീണ്ടെടുത്തു രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഉറക്കെ സംസാരിക്കണമെന്നും എംപിമാരോട് യശ്വന്ത് സിന്‍ഹ കത്തില്‍ ആവശ്യപ്പെടുന്നു

എല്ലാവരും കഠിനാധ്വാനം നടത്തിയതിന്റെ ഭാഗമായാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത്. യുപിഎ സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും നമ്മള്‍ ഒരേപോലെ പോരാടി. അതിന്റെ ഭാഗമായാണ് രാജ്യത്ത് പാര്‍ട്ടിക്ക് ചരിത്രവിജയം നേടിയത്. എന്നാല്‍ അതിനെയെല്ലാം പുറകോട്ടുകൊണ്ടുപോകുകയായാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടാളികളും ചെയ്തത്. സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ചു. എല്ലാ അവസരങ്ങളും ഒത്തുവന്നിട്ടും ജനങ്ങള്‍ക്കിടയില്‍ മോദിസര്‍ക്കാരിലുള്ള ആത്മവിശ്വാസം നഷ്ടമായി.

രാജ്യത്തെ  സാമ്പത്തിക സ്ഥിതി രൂക്ഷമാണ്. അപ്പോഴും സര്‍ക്കാര്‍ പറയുന്നത് ലോകത്തില്‍ ഏറ്റവും വേഗതയേറിയ സമ്പദ് വ്യവസ്ഥയാണ് രാജ്യത്തിലേതെന്നാണ്. കര്‍ഷകര്‍ ദുരിതം അനുഭവിക്കകയാണ്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുന്നില്ല.പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നു. അവര്‍ ഇപ്പോഴും സമൂഹത്തിന്റെ താഴെത്തട്ടില്‍ തന്നെയാണ്. ഭരണഘടന അവര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ സംരക്ഷിക്കാനായി കഴിയാതെ പോകുന്നു. പാര്‍ട്ടിക്കകത്ത് ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്്ടമായിരിക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരങ്ങള്‍  ലഭിക്കുന്നില്ല. എല്ലാ ഒരാള്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. പാര്‍ട്ടി ആസ്ഥാനം കോര്‍പ്പറേറ്റ് ഓഫീസിന് സമാനമായെന്നും യശ്വന്ത് സിന്‍ഹ കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com