മഹാഭാരതകാലത്തെ ഇന്റര്‍നെറ്റ്: ത്രിപുര മുഖ്യമന്ത്രിയെ പിന്തുണച്ച് ഗവര്‍ണര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2018 04:13 PM  |  

Last Updated: 18th April 2018 04:17 PM  |   A+A-   |  

TATHAGATA_ROY

 

അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് സംസ്ഥാന ഗവര്‍ണര്‍ തഥാഗത റോയിയുടെ പിന്തുണ. ഇന്റര്‍നെറ്റിനു സമാനമായ ചില ആശയങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നെന്നും അതിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ദിവ്യ ദൃഷ്ടി, പുഷ്പക രഥം തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. ഒരു ആദിരൂപമോ പഠനമോ ഇല്ലാതെ ഇത്തരം കാര്യങ്ങള്‍ സങ്കല്‍പ്പിച്ചെടുക്കാനാവില്ല. അത്തരം സങ്കല്‍പ്പങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് തഥാഗത റോയ് ട്വീറ്റ് ചെയ്തു.


കഴിഞ്ഞ ദിവസം നടത്തിയ ഇന്റര്‍നെറ്റ് പ്രസ്താവനയെ ന്യായീകരിച്ച് മുഖ്യമന്ത്രി ബിപ്ലവ് ദേബ നേരത്തെ രംഗത്തുവന്നിരുന്നു. ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്ക് അതു വിശ്വസിക്കാനാവില്ലെന്നും രാജ്യത്തെ ചെറുതാക്കി കാണിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ബിപ്ലവ് ദേബ് പറഞ്ഞു. 

ഇന്ത്യ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായെന്നായിരുന്നു കഴിഞ്ഞ ദിവസം ബിപ്ലബ് ദേബ് പറഞ്ഞത്. മഹാഭാരത യുദ്ധത്തില്‍ കണ്ണുകാണാന്‍ കഴിയാത്ത ധൃതരാഷ്ട്രര്‍ക്ക് യുദ്ധം വിവരിച്ചുകൊടുക്കാന്‍ സഞ്ജയന് സാധിച്ചത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉള്ളതുകൊണ്ടാണ്. ആ കാലത്ത് സാറ്റലൈറ്റും ഉണ്ടായിരുന്നുവെന്ന് ഒരു പൊതുപരിപാടിയില്‍ ബിപ്ലവ് ദേബ് പറഞ്ഞിരുന്നു. ഇതു വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടാണ് ത്ര്ിപുര മുഖ്യമന്ത്രി ന്യായീകരണം നിരത്തിയത്. 

ഇടുങ്ങിയ ചിന്താഗതിക്കാര്‍ക്കാണ് ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസം. അവര്‍ സ്വന്തം രാജ്യത്തെ ചെറുതാക്കി കാണുകയാണ്. മറ്റു രാഷ്ട്രങ്ങള്‍ മഹത്തരമാണെന്നും അവര്‍ പറയും. സത്യം വിശ്വസിക്കുക, ആശയക്കുഴപ്പത്തിലാവുകയോ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യരുതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.