കര്‍ണ്ണാടക ഇലക്ഷന് പ്രചരണം കല്യാണക്കത്തിലൂടെ: വോട്ടേഴ്‌സ് ഐഡി പോലൊരു കല്ല്യാണക്കത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 20th April 2018 04:17 PM |
Last Updated: 20th April 2018 04:17 PM | A+A A- |

എല്ലാ പൗരന്‍മാര്‍ക്കും തിരിച്ചറിയല്‍ രേഖ ഉറപ്പ് വരുത്തേണ്ടത് ഭരണാധികാരികളുടെ കടമയാണല്ലോ... അതുകൊണ്ട് തന്നെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷദിവസത്തിന് എല്ലാവരും എത്തണമെന്ന് കര്‍ണ്ണാടകയിലെ സിദ്ധപ്പ ദൊഡാച്ചിക്കണ്ണനവര്‍ക്കും നവവധു ജ്യോതിയ്ക്കും നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഏറെ സവിശേഷമായൊരു വിവാഹക്ഷണപത്രികയാണിവര്‍ തയാറാക്കിയിട്ടുളളത്.
കന്നട ഭാഷയില്‍ തയാറാക്കിയ കത്തില്‍ വധൂവരന്‍മാരുടെ ഫോട്ടോയും പേരും വിവാഹ ദിവസവും തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്. കത്തിന്റെ മറുവശത്താണ് വിലാസം മുതലായ വിവരള്ളള്‍ എഴുതിയിട്ടുള്ളത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി തയാറാക്കിയ ഈ കത്ത് ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ശെരിക്കും വോട്ടേഴ്‌സ് ഐഡി ആണെന്നേ പറയു.
മേയ് 12ന് നടക്കുന്ന കര്‍ണ്ണാടക അസംബ്ലി ഇലക്ഷന് മുന്നോടിയായി ആളുകള്‍ക്ക് ഒരു പരിചയം കൂടിയാകുമിതെന്ന് സിദ്ധപ്പയും ജ്യോതിയും കരുതുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തകനും റെയില്‍വേ ഉദ്യോഗസ്ഥനുമായ സിദ്ധപ്പ ഗോവയിലാണ് ജോലി ചെയ്യുന്നത്. അസംബ്ലി ഇലക്ഷന് മുന്നോടിയായി കന്നടയ്ക്ക് ഒരു പ്രചരണം കൂടിയായി താന്‍ ഈ ക്ഷണപത്രികയെ കാണുന്നുണ്ടെന്ന് സിദ്ധപ്പ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏപ്രില്‍ 27നാണ് ഇവരുടെ വിവാഹം.
'കന്നടയെ മുന്നോട്ടുകൊണ്ടു വരുന്നതിനുള്ള തനതായ എന്തെങ്കിലും എന്റെ വിവാഹത്തിന് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഇക്കാര്യം എന്റെ സുഹൃത്തായ കോണ്‍സ്റ്റബിള്‍ കരിബാസപ്പ ഗോണ്ടിയോട് പറഞ്ഞു. അദ്ദേഹമാണ് പറഞ്ഞത് അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യാന്‍ പ്രചോദനമാകുന്ന എന്തെങ്കിലും ചെയ്യാന്‍. അങ്ങനെ എന്റെ സുഹൃത്തായ ചന്നബാസപ്പയുടെ സഹായത്തോടെ വോട്ടേഴ്‌സ് ഐഡി കാര്‍ഡിന്റെ മാതൃകയില്‍ വിവാഹക്ഷണപത്രിക തയാറാക്കി. ആ ഫോണ്ടില്‍ പോലും വ്യത്യാസം വരുത്തിയിട്ടില്ല'- സിദ്ധപ്പ വ്യക്തമാക്കി.
ജില്ലാ കളക്ടറുടെ സമ്മതത്തോടു കൂടിയാണ് ദമ്പതികള്‍ കല്യാണക്കത്ത് തയാറാക്കിയിരിക്കുന്നത്. വധൂവരന്‍മാരുടെ ചിത്രത്തോടു കൂടിയ കത്തില്‍ സാധാരണ വോട്ടര്‍ ഐഡിയില്‍ കാണപ്പെടുന്ന ഫങ്ഷണല്‍ യുണീക് സീരിയല്‍ നമ്പര്‍ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. വധൂവരന്‍മാരുടെ പേരിലെ അക്ഷരങ്ങളും വിവാഹതീയതിയും ചേര്‍ത്തുള്ള കോംബിനേഷനാണ് എഫ്‌യുഎസ്എന്‍ നമ്പര്‍ ആയി കൊടുത്തിട്ടുള്ളത്.