നരോദപാട്യ കൂട്ടക്കൊല : ഗുജറാത്ത് മുൻ മന്ത്രി മായ കോഡ്നാനിയെ കുറ്റവിമുക്തയാക്കി
By സമകാലിക മലയാളം ഡെസ്ക് | Published: 20th April 2018 11:45 AM |
Last Updated: 20th April 2018 04:43 PM | A+A A- |

അഹമ്മദാബാദ്: ഗുജറാത്തിലെ നരോദപാട്യ കൂട്ടക്കൊലക്കേസിൽ ഗുജറാത്ത് മുൻ മന്ത്രിയും കേസിലെ മുഖ്യപ്രതിയുമായ മായ കോഡ്നാനിയെ കുറ്റവിമുക്തയാക്കി. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് മായ കോഡ്നാനിയെ വെറുതെ വിടുന്നതെന്ന് കോടതി വ്യക്തമാക്കി. അതേസമയം കേസിലെ മറ്റൊരു പ്രതി ബാബു ബജ് രംഗിയുടെ ശിക്ഷ കോടതി ശരിവെച്ചു.
2002 Gujarat riots case(Naroda Patiya): Gujarat High Court acquits Maya Kodnani, Babu Bajrangi's conviction upheld. pic.twitter.com/XPCejIsE64
— ANI (@ANI) April 20, 2018
നേരത്തെ വിചാരണ കോടതി മായ കോഡ്നാനി അടക്കം 29 പ്രതികൾക്ക് തടവുശിക്ഷ വിധിച്ചിരുന്നു. 28 വർഷത്തെ തടവ് ശിക്ഷ ലഭിച്ച കോഡ്നാനി ഇപ്പോൾ ജാമ്യത്തിലാണ്. വിചാരണ കോടതി വിധിക്കെതിരെ മായ കോഡ്നാനി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ്, ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയത്.
2002 ലെ ഗുജറാത്ത് കലാപത്തിനിടെ മായ കോഡ്നാനിയുടെ നേതൃത്വത്തിൽ അക്രമികൾ നരോദപാട്യ മേഖലയിൽ 97 പേരെ കൂട്ടക്കൊല ചെയ്തതായാണ് കേസ്. ഗുജറാത്ത് കലാപത്തിൽ നരോദ്യപാട്യയിലാണ് ഏറ്റവും അധികം പേർ കൊല്ലപ്പെട്ടത്. ഗൈനക്കോളജിസ്റ്റായ മായ കോട്നാനി ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് കലാപം നടന്നത്. 2002 ഫെബ്രുവരി 27ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയിൽ കൂട്ടക്കൊല നടന്നത്.