പണം തട്ടിയവനെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ജോലിക്കാരിയെ ഉപയോഗിച്ചു; യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th April 2018 11:36 AM |
Last Updated: 20th April 2018 11:36 AM | A+A A- |

ആഗ്ര; കടം കൊടുത്ത പണം തിരികെവാങ്ങാന്‍ തൊഴിലുടമ ഹണിട്രാപ്പിന് ഉപയോഗിച്ച യുവതിയെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തു. നോയിഡയിലെ പ്രോപ്പര്‍ട്ടി ഡീലറായ സുരേന്ദ്ര ഗുര്‍ജറാണ് തന്റെ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്ന 24 കാരിയെ ഹണി ട്രോപ്പിന് ഉപയോഗിച്ചത്. ദാദ്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്രാപ് ഡീലറായ സല്‍മാന്‍ മാലിക്കിനെ കെണിയില്‍പ്പെടുത്തി മൂന്ന് വര്‍ഷം മുന്‍പ് കടം കൊടുത്തിരിക്കുന്ന 10 ലക്ഷം രൂപ തിരികെ വാങ്ങാനാണ് ഗുര്‍ജര്‍ പദ്ധതി തയാറാക്കിയത്.
ആഗ്രയിലേക്കുള്ള യാത്രയില്‍ മാലിക്കിനൊപ്പം കൂട്ടുപോയി 'നല്ല' ഫോട്ടോകള്‍ എടുക്കണമെന്നാണ് യുവതിക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നത്. ഈ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം വാങ്ങിയെടുക്കാനായിരുന്നു ഗുര്‍ജറിന്റെ പദ്ധതി. എന്നാല്‍ യാത്രക്കായി മാലിക്ക് മറ്റൊരു സുഹൃത്തിനേയും കൂടെ കൂട്ടിയതോടെ എല്ലാ പദ്ധതിയും തകരുകയായിരുന്നു. യമുന എക്‌സ്പ്രസ് വേയുടെ അടുത്ത് കാര്‍ നിര്‍ത്തിയിട്ട് മാലിക്ക് യുവതിയെ പീഡിപ്പിച്ചു. പിന്നീട് സുഹൃത്തും പീഡനത്തിന് ഇരയാക്കി.
യുവതിയുടെ വായ മൂടിക്കെട്ടിയായിരുന്നു പീഡനത്തിന് ഇരയാക്കിയത്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാനായി കാറിന്റെ സ്റ്റീരിയോയുടെ ശബ്ദം കൂട്ടിവെച്ചുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ തൊഴിലുടമ ഗുര്‍ജറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയ്ക്ക് സമീപമുള്ള കൃഷ്ണനഗറില്‍ വെച്ചാണ് സംഭവം നടന്നത്. പീഡന വിവരം യുവതിയാണ് പൊലീസിനെ അറിയിച്ചത്.
എന്നാല്‍ പരാതിയില്‍ ഗുര്‍ജറിന്റെ പേര് ആദ്യം യുവതി പറഞ്ഞിരുന്നില്ല. പിന്നീട് യുവതിയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഗുര്‍ജറുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി മനസിലാക്കിയത്. തുടര്‍ന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഗുര്‍ജറിന് ഇതിനുള്ള പങ്ക് പുറത്തറിയുന്നത്.
തന്റെ ഇളയ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇയാളുടെ പേര് പറയാതിരുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിയുടെ കുടുംബവും ഗുര്‍ജറുമായി ബന്ധമുണ്ടായിരുന്നു. യുവതിക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുകൊടുത്തതിന് ശേഷമാണ് മാലിക്കിനൊപ്പം അയച്ചത്. പീഡനം നടന്നതിന് ശേഷം യുവതി ആദ്യം വിളിച്ചത് ഗുര്‍ജറിനെയായിരുന്നു. അയാള്‍ പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസുമായി ബന്ധപ്പെട്ടത്.