ബദല്‍ നിലപാട് നിരാശയില്‍ നിന്ന് ; യെച്ചൂരിയുടേത് അടവുനയമല്ല, അവസരവാദമെന്ന് കെ കെ രാഗേഷ്

രാജ്യസഭാ സീറ്റില്‍ പിന്തുണ വാഗ്ദാനം ചെയ്തതിന് പാര്‍ട്ടിയെ ആകെ അടിയറ വെക്കരുത്
ബദല്‍ നിലപാട് നിരാശയില്‍ നിന്ന് ; യെച്ചൂരിയുടേത് അടവുനയമല്ല, അവസരവാദമെന്ന് കെ കെ രാഗേഷ്

ഹൈദരാബാദ് : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ബദല്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്. യെച്ചൂരിയുടേത് ബദല്‍ നിലപാടല്ല, അവസര വാദമാണെന്ന് രാഗേഷ് ആരോപിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനം യെച്ചൂരി അംഗീകരിക്കേണ്ടതായിരുന്നു. അവിടെ ഭിന്നത ഉണ്ടായപ്പോള്‍ വോട്ടെടുപ്പിലൂടെ പരിഹരിച്ചതായിരുന്നു. 

വിഷയം വീണ്ടും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ഭിന്നത പരസ്യമാക്കേണ്ടിയിരുന്നില്ല. നിരാശയില്‍ നിന്നാണ് ബദല്‍ നിലപാട് ഉണ്ടായത്. യെച്ചൂരിയുടേത് അടവുനയമല്ല അവസരവാദമാണ്. രാജ്യസഭാ സീറ്റില്‍ പിന്തുണ വാഗ്ദാനം ചെയ്തതിന് പാര്‍ട്ടിയെ ആകെ അടിയറ വെക്കരുത്. കോണ്‍ഗ്രസിനായി പിന്‍വാതില്‍ തുറന്നിട്ടാണ് യെച്ചൂരിയുടെ പ്രവൃത്തിയെന്നും രാഗേഷ് ചര്‍ച്ചയില്‍ ആരോപിച്ചു. 

രാവിലെ രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. പ്രമേയത്തിന്മേല്‍ വോട്ടെടുപ്പിലേക്ക് കാര്യങ്ങല്‍ നീണ്ടാല്‍ അതിന് തയ്യാറാകാന്‍ യോഗത്തില്‍ തീരുമാനമായി. അതേസമയം രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ രഹസ്യബാലറ്റ് വേണമെന്ന ആവശ്യവും സജീവമായിട്ടുണ്ട്. 

ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പൊതുചര്‍ച്ചയില്‍ രഹസ്യബാലറ്റ് ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പൊളിറ്റ് ബ്യൂറോയിലും തര്‍ക്കമുള്ളതായാണ് സൂചന. രഹസ്യബാലറ്റ് ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ബംഗാള്‍ ഘടകത്തില്‍ അഭിപ്രായമുള്ളതായും റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com