കത്തുവ കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ; 'ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തലമുടിയും രക്തസാമ്പിളുകളും പ്രതികളുടേത് തന്നെ'

സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേത് തന്നെയെന്ന് ഫൊറൻസിക് റിപ്പോർട്ട്
കത്തുവ കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ; 'ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തലമുടിയും രക്തസാമ്പിളുകളും പ്രതികളുടേത് തന്നെ'

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ പുറത്തുവന്നു. ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡിഎന്‍എ പരിശോധനയില്‍ പ്രതികളുടേത് എന്ന് വ്യക്തമായതായാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. 

പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേതാണെന്ന് പരിശോധയില്‍ തെളിഞ്ഞിട്ടുണ്ട്. പതിനാല് തെളിവുകളാണ്  പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ഡല്‍ഹി ഫൊറന്‍സിക് ലാബിലേക്ക് അയച്ചത്. 

പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഉടുപ്പ് സോപ്പ് ഉപയോഗിച്ച് കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ ഉണ്ടായിരുന്നതായി ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേത് തന്നെയാണെന്ന് പരിശോധയില്‍ തെളിഞ്ഞതായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയ തലമുറി, പ്രതികളിലൊരാളായ ശുഭം സാന്‍ഗ്രയുടേതാണെന്നാണ് തെളിഞ്ഞത്. കുട്ടിയെ പീഡിപ്പിച്ച പ്രതികളായ പൊലീസ് ഓഫീസര്‍ ദീപക് കജൂറിയ, ശുഭം സാന്‍ഗ്ര, പര്‍വേഷ് എന്നിവരുടെ രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

കത്തുവയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ ബന്ദിയാക്കി ക്രൂരമായി ബലാല്‍സംഗത്തിന് വിധേയയാക്കുകയായിരുന്നു. ഒരാഴ്ചയോളം പീഡിപ്പിച്ചശേഷം പ്രതികള്‍ കുട്ടിയെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ക്ഷേത്രത്തിലെ പൂജാരിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ മാന്‍ജിറാമാണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com