ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച; സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിന് വിമര്‍ശനം

കേരളത്തില്‍ നിന്നുള്ള പ്രതിനിധി കെ ചന്ദ്രന്‍പിള്ളയാണ് കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്
ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വീഴ്ച; സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ കേന്ദ്രനേതൃത്വത്തിന് വിമര്‍ശനം

ഹൈദരാബാദ് : സിപിഎം സംഘടനാറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് രൂക്ഷവിമര്‍ശനം. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കേന്ദ്രനേതൃത്വത്തിന് വീഴ്ച വന്നുവെന്നാണ് വിമര്‍ശനം. കേന്ദ്രം നേതൃത്വം നിര്‍ജീവമായ അവസ്ഥയിലാണെന്നും വിമര്‍ശനമുയര്‍ന്നു. സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച കേരളത്തില്‍ നിന്നുള്ള പ്രതിനിധി കെ ചന്ദ്രന്‍പിള്ളയാണ് കേന്ദ്രനേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 

തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധിയും കെ ചന്ദ്രന്‍പിള്ളയുടെ വിമര്‍ശനത്തെ അനുകൂലിച്ചു. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ഫലപ്രദമായി പാര്‍ട്ടി വിനിയോഗിക്കുന്നില്ലെന്ന് ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. സംഘടനാറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ഇന്നലെ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 

സംഘടനാറിപ്പോര്‍ട്ട് ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കും. തുടര്‍ന്ന് വൈകീട്ട് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗം പുതിയ പിബി അംഗങ്ങളെയും, കേന്ദ്രകമ്മിറ്റി അംഗങ്ങളെയും നിശ്ചയിക്കും. പിബി അംഗങ്ങളായ എസ്ആര്‍പിയും, എകെ പത്മനാഭനും ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് വൈക്കം വിശ്വനും പികെ ഗുരുദാസനും ഒഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com