യെച്ചൂരിക്ക് രണ്ടാമൂഴം ; കേന്ദ്രകമ്മിറ്റിയില്‍ 19 പുതുമുഖങ്ങള്‍, എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും സിസിയില്‍

എസ് രാമചന്ദ്രന്‍പിള്ള പൊളിറ്റ് ബ്യൂറോയില്‍ തുടരും. വി എസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തി
യെച്ചൂരിക്ക് രണ്ടാമൂഴം ; കേന്ദ്രകമ്മിറ്റിയില്‍ 19 പുതുമുഖങ്ങള്‍, എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും സിസിയില്‍

ഹൈദരാബാദ് : സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുക്കാനുള്ള നിര്‍ദേശം കേന്ദ്രക്കമ്മിറ്റി അംഗീകാരം നല്‍കി. ജനറല്‍ സെക്രട്ടറി പദത്തില്‍ യെച്ചൂരിക്ക് ഇത് രണ്ടാമൂഴമാണ്. 2015 ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി പാര്‍ട്ടിയുടെ അമരത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 

95 അംഗ കേന്ദ്രകമ്മിറ്റിക്കും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. ഇതില്‍ 19 പേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്ന് പി കെ ഗുരുദാസന്‍ ഒഴിവായി. പകരം എംവി ഗോവിന്ദനും, കെ രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍ ഇടംനേടി. ബംഗാളില്‍ നിന്നും മൂന്നുപേര്‍ പുതുതായി സിസിയില്‍ ഇടംപിടിച്ചു. ബംഗാളിലെ നേതാക്കളായ ശ്യാമള്‍ ചക്രവര്‍ത്തി, ബസുദേവ് ആചാര്യ ഗൗതം ദേബ് എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവായിരുന്നു. 

കേന്ദ്രകമ്മിറ്റിയുടെ അംഗസംഖ്യ 91 ല്‍ നിന്നും 95 ആയി ഉയര്‍ത്തുകയായിരുന്നു. മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്താനും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമായി. കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ലെന്നാണ് സൂചന.

എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍
എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍

കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന നേതാവാണ് എംവി ഗോവിന്ദന്‍. കണ്ണൂരില്‍ നിന്നുള്ള നേതാവാണ് ഗോവിന്ദന്‍. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ് കെ രാധാകൃഷ്ണന്‍. ദലിത് ശോഷന്‍ മുക്തിമഞ്ച് ദേശീയ പ്രസിഡന്റ് കൂടിയാണ് മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ കെ രാധാകൃഷ്ണന്‍. 

മുതിര്‍ന്ന നേതാവായ എസ് രാമചന്ദ്രന്‍പിള്ള പൊളിറ്റ് ബ്യൂറോയില്‍ തുടരും. 80 വയസ്സ് പ്രായപരിധി കഴിഞ്ഞ എസ്ആര്‍പി ഒഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ അദ്ദേഹം പിബിയില്‍ വേണമെന്ന് കാരാട്ട് പക്ഷവും കേരള ഘടകവും ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ വൈക്കം വിശ്വനെയും നിലനിര്‍ത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com