സിപിഎമ്മിന് 17 അംഗ പൊളിറ്റ് ബ്യൂറോ ; തപന്‍ സെന്നും നിലോല്‍പല്‍ ബസുവും പുതുമുഖങ്ങള്‍

എ കെ പത്മനാഭന്‍ പിബിയില്‍ നിന്നും ഒഴിവായി. എസ് രാമചന്ദ്രന്‍പിള്ളയെ നിലനിര്‍ത്തി
സിപിഎമ്മിന് 17 അംഗ പൊളിറ്റ് ബ്യൂറോ ; തപന്‍ സെന്നും നിലോല്‍പല്‍ ബസുവും പുതുമുഖങ്ങള്‍

ഹൈദരാബാദ് : സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ 17 അംഗങ്ങള്‍. തപന്‍സെന്നും നീലോല്‍പല്‍ ബസുവുമാണ് പിബിയിലെത്തിയ പുതുമുഖങ്ങള്‍. സിഐടിയു പ്രതിനിധിയായിരുന്ന എ കെ പത്മനാഭന്‍ പിബിയില്‍ നിന്നും ഒഴിവായി. അതേസമയം കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ എസ് രാമചന്ദ്രന്‍പിള്ളയെ പിബി അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്. 

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബിമന്‍ബോസ്, എംഎ ബേബി, കോടിയേരി ബാലകൃഷ്ണന്‍, വിബി രാഘവലു, സൂര്യകാന്ത് മിശ്ര, ബൃന്ദ കാരാട്ട്, മുഹമ്മദ് സലിം, ഹനന്‍ മൊള്ള, ജി രാമകൃഷ്ണന്‍, സുഭാഷിണി അലി, നീലോല്‍പല്‍ ബസു, തപന്‍സെന്‍ എന്നിവരാണ് പുതിയ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍.

കേന്ദ്രകമ്മിറ്റിയില്‍ നാലു മലയാളികള്‍ ഇടംപിടിച്ചു. കേരളത്തില്‍ നിന്നുള്ള നേതാക്കളായ എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവരാണ് കേന്ദ്രകമ്മിറ്റിയിലെത്തിയത്. മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയ വിജു കൃഷ്ണനും, മുരളീധരനുമാണ് കേന്ദ്രകമ്മിറ്റിയിലെത്തിയ മറ്റ് മലയാളികള്‍. സുപ്രകാശ് ഠാക്കൂര്‍, അരുണ്‍ കുമാര്‍ മിശ്ര, കെ.എം. തിവാരി, ജസ്‌വീന്ദര്‍ സിങ്, കെ.പി. ഗാവിത്, ജി. നാഗയ്യ, തപന്‍ ചക്രവര്‍ത്തി, ജിതിന്‍ ചൗധരി എന്നിവരാണ് സിസിയിലെ മറ്റു പുതുമുഖങ്ങള്‍.

വി എസ് അച്യുതാനന്ദനെയും, പാലൊളി മുഹമ്മദ് കുട്ടിയെയും കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. പികെ ഗുരുദാസനെ ഒഴിവാക്കി. അതേസമയം വൈക്കം വിശ്വനെ നിലനിര്‍ത്തിയിട്ടുണ്ട്. 95 അംഗ കേന്ദ്രകമ്മിറ്റിയില്‍ സ്ത്രീപ്രാതിനിധ്യം പരിഗണിച്ച് ഒരുസീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയെയും ഒഴിവാക്കി. സിസിയില്‍ നിന്നും ഒഴിവായ ബസുദേവ് ആചാര്യയെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തെരഞ്ഞെടുത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com