തെരഞ്ഞെടുപ്പിന് മുന്‍പെ കോണ്‍ഗ്രസില്‍ അടി; മധ്യപ്രദേശില്‍ കമല്‍ നാഥ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍  കമല്‍നാഥിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പിന് മുന്‍പെ കോണ്‍ഗ്രസില്‍ അടി; മധ്യപ്രദേശില്‍ കമല്‍ നാഥ് പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് 

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പാര്‍ട്ടിയുടെ മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റായേക്കും.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍  കമല്‍നാഥിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് ത്രികോണ മത്സരം നടക്കാനുളള സാധ്യത തളളികളയാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അനുമാനിക്കുന്നു. ഈ വര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായുളള നേതൃരംഗത്തെ ഇളക്കി പ്രതിഷ്ഠ കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഒരു ദിശാമാറ്റമായാണ് കാണുന്നത്. 

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വെളളിയാഴ്ച കമല്‍നാഥിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇതുസംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടായേക്കും. ഈ സ്ഥാനത്ത് തുടരാന്‍ ജോതിരാദിത്യസിന്ധ്യയും നേതൃത്വം ഏറ്റെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും ആഗ്രഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അടുത്തിടെ സംസ്ഥാനത്തെ 230 മണ്ഡലങ്ങളിലുടെയും കടന്നുപോയ നര്‍മ്മദ യാത്രയ്ക്ക് നേതൃത്വം വഹിച്ച ദിഗ് വിജയ് സിങിന് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ വലിയ സ്വാധീനമാണുളളത്. അദ്ദേഹത്തിന്റെ പിന്തുണയും കമല്‍നാഥിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായാണ് സൂചന. കമല്‍ നാഥുമായി നല്ല ബന്ധമാണ് ദിഗ് വിജയ് സിങിന് ഉളളതെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയുമായി കാര്യങ്ങള്‍ മറിച്ചാണ്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി ഉയര്‍ത്തി കാണിച്ചാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് കമല്‍നാഥ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യയോടുളള ദിഗ് വിജയ് സിങിന്റെ നിലപാടുകളാണ് വരും ദിവസങ്ങളില്‍ നിര്‍ണായകമാകുക.

കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി കമല്‍നാഥിനെ പരിഗണിക്കുമ്പോള്‍, സ്വാഭാവികമായി അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് കരുതേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധിയുമായി അടുപ്പമുളള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വൈകാതെ തന്നെ രാഹുല്‍ ഒരു തീരുമാനം സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് സ്ഥാനാര്‍ത്ഥിയായി് ഇനി മത്സരിക്കാന്‍ താനില്ലെന്ന് ദിഗ് വിജയ് സിങ് ഇതിനോടകം നയം വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുളള കടുത്ത മത്സരത്തിനുളള സാധ്യതയാണ് തുറന്നിടുന്നത്. ഇവിടെ ദിഗ് വിജയ് സിങിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com