കര്‍ണാടകയില്‍ ബിജെപി നേട്ടമുണ്ടാക്കും;  ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വ്വേ

കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാടുന്ന കര്‍ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്ന് അഭിപ്രായസര്‍വ്വേ.
കര്‍ണാടകയില്‍ ബിജെപി നേട്ടമുണ്ടാക്കും;  ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിച്ച് പോരാടുന്ന കര്‍ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്ന് അഭിപ്രായസര്‍വ്വേ. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്ന അഭിപ്രായസര്‍വ്വേയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് നിര്‍ണായക ശക്തിയാകുമെന്നും കണക്കുകൂട്ടുന്നു. അതേസമയം 49 സീറ്റുകള്‍ അധികം നേടി ബിജെപി നില മെച്ചപ്പെടുത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും അനുകൂലമാവില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് അഭിപ്രായ സര്‍വ്വേ പുറത്തുവിട്ടിരിക്കുന്നത്. ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി ജെ.ഡി.എസ് നേട്ടം കൊയ്യുമെന്നും കുമാരസ്വാമി കിങ്‌മേക്കറാവുമെന്നും അഭിപ്രായ സര്‍വെ ചൂണ്ടിക്കാട്ടുന്നു.
 
'ടൈംസ് നൗ' ആണ് സര്‍വെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 91 സീറ്റ് ലഭിക്കും. 89 സീറ്റ് ബി.ജെ.പിക്കും 40 സീറ്റ് ജെ.ഡി.എസ്-ബി.സ്.പി സഖ്യത്തിനും ലഭിക്കുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 31 സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകുമെന്ന് പ്രവചിക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപി  49 സീറ്റ് അധികം നേടുമെന്നും കണക്കുകൂട്ടുന്നു.
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 122 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബി.ജെ.പിക്ക് 40 സീറ്റും ലഭിച്ചു. ജെ.ഡി.എസ്ബി.എസ്.പി സഖ്യത്തിന് 40 സീറ്റും മറ്റുള്ളവര്‍ക്ക് 22 സീറ്റുമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
 
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 113 സീറ്റാണ് വേണ്ടത്. 40 സീറ്റ് ജെ.ഡി.എസിന് ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനും ജെ.ഡി.എസിന് സാധിക്കും. പ്രവചനങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സിദരാമയ്യയെ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്.

ഭരണം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പിയും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസും സംസ്ഥാനത്ത് ശക്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സര്‍വെ ഫലം പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com