മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍, യെദ്യൂരപ്പ ഡമ്മി ; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ 

ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി പോര് മുറുകുന്നു
മോദിയും യോഗിയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍, യെദ്യൂരപ്പ ഡമ്മി ; രൂക്ഷ വിമര്‍ശനവുമായി സിദ്ധരാമയ്യ 

ബംഗലൂരു: ആസന്നമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബിജെപി പോര് മുറുകുന്നു. പരസ്പരം നേതാക്കളെ പഴി ചാരി തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൊഴുപ്പിക്കുകയാണ് ഇരു പാര്‍ട്ടികളും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തുവന്നതാണ് ഇതില്‍ ഒടുവിലത്തേത്. ഇതിന് തക്ക മറുപടി നല്‍കി ബിജെപിയും പ്രചാരണ രംഗത്തെ ചൂടുപ്പിടിപ്പിച്ചു.

നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും ഉത്തരേന്ത്യന്‍ ഇറക്കുമതികള്‍ എന്ന് വിളിച്ചാണ് സിദ്ധരാമയ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.മോദിയെയും യോഗിയെയും മുന്നില്‍ നിര്‍ത്തി  പ്രചാരണരംഗം കൊഴുപ്പിക്കാന്‍  ബിജെപി പദ്ധതിയിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇരുവരെയും കേവലം ഉത്തരേന്ത്യക്കാരായി മാത്രം ചുരുക്കി സിദ്ധരാമയ്യയുടെ പരിഹാസം.

മോദിയെയും യോഗിയെയും പ്രചാരണരംഗത്ത് ഇറക്കാനുളള പാര്‍ട്ടിയുടെ ശ്രമത്തിലുടെ സംസ്ഥാനത്ത് സ്വന്തമായി നേതാക്കള്‍ ഇല്ലെന്ന് ബിജെപി തുറന്ന് സമ്മതിക്കുകയാണെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി എസ് യെദ്യൂരപ്പയെ ഇരുവരും ഡമ്മിയായി ചുരുക്കാനാണ് ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ പരിഹസിച്ചു.

ഇതിന് തക്ക മറുപടി നല്‍കി കൊണ്ടാണ് ബിജെപി തിരിച്ചടിച്ചത്. മോദിയെയും യോഗിയെയും ഉത്തരേന്ത്യക്കാരായി ചിത്രീകരിച്ച് സിദ്ധരാമയ്യ തരംതാഴ്ന്നിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വടക്കും,തെക്കുമെന്നും വിഭജിക്കുന്നത് അപഹാസ്യമാണെന്നും ബിജെപി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com