അവസാനശ്വാസം നിലനില്‍ക്കുംവരെ പത്രിക പിന്‍വലിക്കില്ല; തൃണമൂലുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും പിന്‍മാറാതെ സിപിഎം സ്ഥാനാര്‍ത്ഥി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 27th April 2018 09:29 PM  |  

Last Updated: 27th April 2018 09:29 PM  |   A+A-   |  

SS

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം വീണ്ടും. നോയിഗ ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് ത്രിണമൂല്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമം അഴിച്ചുവിട്ടത്. സ്ഥാനാര്‍ത്ഥിയുടെ വയോജനങ്ങളായ മാതാപിതാക്കള്‍ക്ക് നേരെയും ടിഎംസി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ഇവരുടെ ക്രൂരമായ ആക്രമണം കൊണ്ട്് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കില്ലെന്ന് സിപിഎം പ്രവര്‍ത്തകന്‍ പറഞ്ഞു. തന്റെ ശരീരത്തില്‍ അവസാന ശ്വാസം നിലനില്‍ക്കുംവരെ പത്രിക പിന്‍വലിക്കില്ലെന്നും സിപിഎം സ്ഥാനാര്‍ത്ഥി പറഞ്ഞു

ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ അക്രമം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണങ്ങള്‍ ഏറേയും. നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട കൊല്‍ക്കത്ത ഹൈക്കോടതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി സമയം അനുവദിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി സിപിഎം ആരോപിച്ചു.തൃണമൂലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവിധ പാര്‍ട്ടി ഓഫീസുകളും ഇവര്‍ തകര്‍ത്തതായി സിപിഎം ആരോപിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ബങ്കുരയിലെ ബിഡിഒ ഉള്‍പ്പെടെ വിവിധ ഓഫീസുകളില്‍ എത്തിയ സിപിഎം സ്ഥാനാര്‍ത്ഥികളെ സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഓഫീസുകളുടെ മുന്നില്‍ സംഘമായി നിന്നായിരുന്നു ഇവരുടെ അഴിഞ്ഞാട്ടമെന്ന് സിപിഎം ആരോപിച്ചു. കൂടാതെ ഗ്രാമങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബൈക്കിലും മറ്റും റോന്തുചുറ്റിയ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും സിപിഎം ആരോപിച്ചു.