സിവില്‍ സര്‍വീസില്‍ ചേരേണ്ടത് സിവില്‍ എന്‍ജിനീയര്‍മാര്‍; ആനമണ്ടത്തരം വിളമ്പി വീണ്ടും ബിജെപി മുഖ്യമന്ത്രി

മെക്കാനിക്കല്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വീസിന് പോകരുത്. സിവില്‍ എന്‍ജീനിയര്‍മാര്‍ സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കണം. കാരണം ഭരണനിര്‍വഹണത്തില്‍ നടക്കുന്നത് സമൂഹത്തിന്റെ നിര്‍മ്മാണമാണ്
സിവില്‍ സര്‍വീസില്‍ ചേരേണ്ടത് സിവില്‍ എന്‍ജിനീയര്‍മാര്‍; ആനമണ്ടത്തരം വിളമ്പി വീണ്ടും ബിജെപി മുഖ്യമന്ത്രി


അഗര്‍ത്തല: സിവില്‍ സര്‍വീസിന് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എന്‍ജിനീയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.അഗര്‍ത്തലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പണ്ടൊക്കെ ആര്‍ട്‌സ്/ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ പഠിച്ചവരാണു സിവില്‍ സര്‍വ്വീസ് എഴുതിയിരുന്നത്.ഇപ്പോള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അതിലേയ്ക്ക് വരാന്‍ തുടങ്ങി. എന്നാല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വ്വീസ് എടുക്കരുത്. സിവില്‍ എഞ്ചിനീയര്‍മാരാണു സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത്. ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സമൂഹനിര്‍മ്മാണം ആവശ്യമാണ്. നിര്‍മ്മാണം പഠിച്ചവരാണു സിവില്‍ എഞ്ചിനീയര്‍മാര്‍. അതുകൊണ്ട് തന്നെ സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണെന്ന് ബിപ്ലബ് കുമാര്‍ പറഞ്ഞു.

നേരത്തെ അഗര്‍ത്തലയിലെ പ്രഗ്‌ന ഭവനില്‍ നടന്ന കപ്യൂട്ടര്‍വത്കരണത്തെക്കുറിച്ചുള്ള ശില്‍പശാലയിലായിരുന്നു ഇന്റര്‍നെറ്റിനെക്കുറിച്ചുള്ള മണ്ടന്‍ പ്രസ്താവന. മഹാഭാരത കാലം മുതലേ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഇവിടെയുണ്ടായിരുന്നു. അല്ലാതെങ്ങനെയാണു കുരുക്ഷേത്ര യുദ്ധത്തില്‍ കാഴ്ചയില്ലാത്ത ദൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയനു കൃത്യമായ കണക്കുകളും വിവരങ്ങളും അദ്ദേഹത്തിനു നല്‍കാനായത്. അപ്പൊഴേ ഇവിടെ ഇന്റര്‍നെറ്റുണ്ട്. ആ സമയം മുതലേ ഉപഗ്രഹങ്ങളും സാങ്കേതിക വിദ്യകളും ഇവിടെയുണ്ടെന്നതിനു തെളിവാണിത് ഇതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.

യൂറോപ്യന്‍ രാഷ്ട്രങ്ങളും അമേരിക്കയും ഈ കണ്ടുപിടിത്തങ്ങളെല്ലാം അവരുടെതാണെന്നു പറയും. എന്നാല്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യയാണ് ഇതിനു പിന്നില്‍. ഇന്ത്യയുടെ ഇത്രയും സമ്പന്നമായ സംസ്‌കാരത്തില്‍ താന്‍ അഭിമാനം കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com