ഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണി: മന്‍മോഹന്‍ സിങ്

മോദി സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
ഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണി: മന്‍മോഹന്‍ സിങ്


ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം അട്ടിമറിക്കുന്ന മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം രാജ്യത്തെ ജനാധിപത്യം അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളുടെ മുന്നില്‍ കാണാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാംലീല മൈതാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജന്‍ ആക്രോശ് റാലിയുടെ ഉദ്ഘാടന സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അധികാരത്തിലേറും മുന്നേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാചയപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് കാര്‍ഡ് കാണിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാര്‍ലമെന്റിലെത്താതിരിക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്നും മന്‍മോഹന്‍ ആരോപിച്ചു.

പാര്‍ലമെന്റ് ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് ജനാധിപത്യത്തിന് ഭീഷണിയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ സമ്മാനമാണ് ജനാധിപത്യം. അത് നമ്മള്‍ സംരക്ഷിക്കണം. ഇന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ അപമാനിക്കപ്പെടുകയാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എടുക്കാതിരിക്കാന്‍ തെരഞ്ഞെടുത്ത വഴികള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്, അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെയും വിമര്‍ശിച്ച അദ്ദേഹം ആഗോള തലത്തില്‍ ക്രൂഡ് വില കുറയുമ്പോള്‍ സര്‍ക്കാര്‍ എന്ത് കൊണ്ടാണ് വില കുറയ്ക്കുന്നതിനായി നടപടികളെടുക്കാത്തതെന്നും ചോദിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com