ഏപ്രില്‍ രണ്ടിലെ ദലിത് ഭാരത് ബന്ദിന് പിന്നില്‍ മേല്‍ജാതിക്കാര്‍? ആഹ്വാനം പ്രചരിച്ചത് വാട്ട്‌സ്ആപ്പ് വഴി, കേന്ദ്രം അന്വേഷിക്കുന്നു

ഏപ്രില്‍ രണ്ടിലെ ദലിത് ഭാരത് ബന്ദിന് പിന്നില്‍ മേല്‍ജാതിക്കാര്‍? ആഹ്വാനം പ്രചരിച്ചത് വാട്ട്‌സ്ആപ്പ് വഴി, കേന്ദ്രം അന്വേഷിക്കുന്നു
ഏപ്രില്‍ രണ്ടിലെ ദലിത് ഭാരത് ബന്ദിന് പിന്നില്‍ മേല്‍ജാതിക്കാര്‍? ആഹ്വാനം പ്രചരിച്ചത് വാട്ട്‌സ്ആപ്പ് വഴി, കേന്ദ്രം അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: പട്ടിക വിഭാഗക്കാരോടുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകള്‍ ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിനു നടന്ന ഭാരത് ബന്ദിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഭാരത് ബന്ദിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ദലിത് സംഘടനകളല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ദ് ആഹ്വാനം പ്രചരിച്ചതെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിനു നടന്ന ഭാരത് ബന്ദില്‍ വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഒന്‍പതു പേരാണ് അക്രമ സംഭവങ്ങളിലും പൊലീസ് വെടിവയ്പിലും മരിച്ചത്. ഇതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഏപ്രില്‍ രണ്ടിന് ആരും ബന്ദ് ആഹ്വാനം ചെയ്തിരുന്നില്ലെന്നും വാട്ട്‌സ് ആപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ഇതു പ്രചരിച്ചതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍ജാതിക്കാര്‍ അംഗങ്ങളായ ഗ്രൂപ്പുകളിലൂടെയാണ് ഇതു പ്രചരിച്ചത്. അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന സംശയം ഉയര്‍ത്തിയത് ഇതാണ്. ബന്ദ് ആഹ്വാനം പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ഗ്രൂപ്പുകളും ഇന്റലിജന്‍സ് ഏജന്‍സികള്‍ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കര്‍ണാടകയിലെ ചില മേല്‍ജാതി ഗ്രൂപ്പുകളിലാണ് ബന്ദ് ആഹ്വാനം ആദ്യം വന്നതെന്നാണ് ഈ ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിഹാര്‍, മധ്യമപ്രദേശ് എന്നിവിടങ്ങളിലെ ഗ്രൂപ്പുകളിലും ഇതു പ്രചരിച്ചിട്ടുണ്ട്. ദലിത് പ്രശ്‌നങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഗ്രൂപ്പുകളിലാണ് ഇത് ആദ്യം വന്നത്- ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയ ഒരു ബന്ദ് ആഹ്വാനത്തിന്റെ ഉറവിടം കണ്ടെത്തേണ്ടതുണ്ടെന്ന് ഐബി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും വിദേശ ശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതും പ്രധാനമാണെന്ന് അവര്‍ പറയുന്നു. 

ഏപ്രില്‍ രണ്ടിന് ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ദലിത് സംഘടനകളും പറയുന്നത്. ഏതാനും ദിവസം  മുമ്പ് ദലിത് സംഘടനകള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ബന്ദ് ആഹ്വാനം വാട്ട്‌സ് ആപ്പിലൂടെ പ്രചരിക്കുകായിരുന്നെന്ന് ഭീം ആര്‍മി വകാത്വ് മന്‍ജീത് നൗത്യാല്‍ പറഞ്ഞതായി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ബന്ദിന് ആര് ആഹ്വാനം ചെയ്തു എന്നല്ല, കേവലം ഒരു സോഷ്യല്‍ മീഡിയ ആഹ്വാനത്തിന്റെ പേരില്‍ ഇത്രയധികം ദലിതര്‍ തെരുവില്‍ ഇറങ്ങിയെങ്കില്‍ അതിന്റെ കാരണമാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടതെന്ന് ദലിത് സംഘടനകള്‍ പറയുന്നു. രാജ്യത്ത് നില നില്‍ക്കുന്ന സ്ഥിതിയിലുള്ള ദലിതരുടെ രോഷമാണ് അതിലൂടെ വ്യക്തമായതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com