തദ്ദേശ തെരഞ്ഞെടുപ്പ് : ബംഗാളില്‍ 34 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരില്ലാതെ ജയം ; ജനാധിപത്യത്തിന്റെ മരണമെന്ന് പ്രതിപക്ഷം

20,000 സീറ്റുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ വിജയിച്ചത് 
തദ്ദേശ തെരഞ്ഞെടുപ്പ് : ബംഗാളില്‍ 34 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരില്ലാതെ ജയം ; ജനാധിപത്യത്തിന്റെ മരണമെന്ന് പ്രതിപക്ഷം

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മെയ് 14 ന് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 34 ശതമാനം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് എതിരില്ലാതെ വിജയിച്ചു. 58,692 പഞ്ചായത്ത് സീറ്റുകളിലേക്കാണ് മെയ് 14 ന് തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. ഇതില്‍ 20,000 സീറ്റുകളിലേക്ക് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചതായി പ്രഖ്യാപിച്ചത്. 

ബംഗാളിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും സീറ്റുകള്‍ ഒരു പാര്‍ട്ടി എതിരില്ലാതെ വിജയിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. 

'മുട്ട അടവെയ്ക്കാതെ കോഴിക്കുഞ്ഞ് വിരിഞ്ഞു' എന്നായിരുന്നു തൃണമൂലിന്റെ ഏകപക്ഷീയ വിജയത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചത്. 'തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. വോട്ടു ചെയ്യുക എന്ന സാധാരണക്കാരന്റെ അവകാശമാണ് ഹനിക്കപ്പെട്ടതെന്നും' ചൗധരി അഭിപ്രായപ്പെട്ടു. 

ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി സിപിഎം, കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രതിപക്ഷത്തിന്റെ പരാതി പരിഗണിച്ച് വാട്‌സ് ആപ്പിലൂടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ വാട്‌സ് ആപ്പ് വഴി ഒപ്രത് നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തൃണമൂല്‍ വ്യാപക അക്രമം അഴിച്ചുവിട്ട ബീര്‍ഭൂമിലാണ് ഏറ്റവും കൂടുതല്‍ എതിരില്ലാത്ത വിജയം. 

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് 72,000 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി 35,000, സിപിഎം 22,000, കോണ്‍ഗ്രസ് 10,000 എന്നിങ്ങനെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com