തുടര്‍ച്ചയായ വിവാദ പ്രസംഗങ്ങള്‍ : ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചു

ബിപ്ലബിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ബിജെപിയില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
തുടര്‍ച്ചയായ വിവാദ പ്രസംഗങ്ങള്‍ : ത്രിപുര മുഖ്യമന്ത്രിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചു


അഗര്‍ത്തല :  തുടര്‍ച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിക്ക് വിളിപ്പിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം. കര്‍ണാടക തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബിപ്ലബിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ ബിജെപിയില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിപ്ലബിനെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചത്. 

സിവില്‍ സര്‍വീസിന് പോകാന്‍ ഏറ്റവും യോഗ്യര്‍ സിവില്‍ എന്‍ജിനീയര്‍മാരാണെന്ന ബിപ്ലബിന്റെ പ്രസ്താവന പാര്‍ട്ടിയെ ഏറെ പരിഹാസ്യമാക്കിയിരുന്നു. മഹാഭാരത യുദ്ധത്തില്‍ ഇന്റര്‍നെറ്റ്, കൃത്രിമോപഗ്രഹം പോലുള്ള കാര്യങ്ങള്‍ ഉപയോഗിച്ചിരുന്നു. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് യുദ്ധരംഗത്തെ കാര്യങ്ങള്‍ അറിയിച്ചത് ഇന്റര്‍നെറ്റ് അന്നുണ്ടായിരുന്നു എന്നതിന് തെളിവാണെന്നും ബിപ്ലബ് കുമാര്‍ ദേബ് അഭിപ്രായപ്പെട്ടിരുന്നു. 


ഏറ്റവുമൊടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ഓടാതെ, ഉപജീവന മാര്‍ഗത്തിനായി പാല്‍ വില്‍പന, പാന്‍ ഷോപ് എന്നിവ തുടങ്ങാനും ബിപ്ലബ് ഉപദേശിച്ചിരുന്നു. ഇതുവഴി അഞ്ചുലക്ഷം രൂപ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാമെന്നും ത്രിപുര മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. പഠിപ്പുള്ളവര്‍ കൃഷി, കോഴി വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍ എന്നിവ നടത്തുന്നത് വില കുറച്ചു കാണുന്ന ഇടുങ്ങിയ ചിന്താഗതിയാണ് ഉള്ളതെന്നും ബിപ്ലബ് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com