മുഖം മിനുക്കാന്‍ കശ്മീര്‍ സര്‍ക്കാര്‍ ; മന്ത്രിസഭാ പുനഃസംഘടന ഇന്ന്, ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവച്ചു

മെഹബൂബ മന്ത്രിസഭയിലെ എല്ലാ പാര്‍ട്ടി മന്ത്രിമാരോടും രാജിക്കത്ത് നല്‍കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്
മുഖം മിനുക്കാന്‍ കശ്മീര്‍ സര്‍ക്കാര്‍ ; മന്ത്രിസഭാ പുനഃസംഘടന ഇന്ന്, ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവച്ചു


ശ്രീനഗര്‍ :  കത്തുവ സംഭവത്തോടെ പ്രതിച്ഛായ നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മുഖം മിനുക്കാന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. കത്തുവ പ്രതികളെ അനുകൂലിച്ചതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ബിജെപി എല്ലാ മന്ത്രിമാരെയും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മല്‍ സിങ് രാജിവച്ചു. മെഹബൂബ മന്ത്രിസഭയിലെ എല്ലാ പാര്‍ട്ടി മന്ത്രിമാരോടും രാജിക്കത്ത് നല്‍കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

മന്ത്രിമാരുടെ രാജി വാങ്ങിയെങ്കിലും ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് നല്‍കിയിട്ടില്ല.  പാര്‍ട്ടിയിലെ പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് ഈ നീക്കമെന്നാണു സൂചന. സ്പീക്കറും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഉച്ചയ്ക്ക് 12നു ശ്രീനഗറിലെ കണ്‍വന്‍ഷന്‍ സെന്ററിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

കത്തുവ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരില്‍ ബിജെപിയുടെ രണ്ടു മന്ത്രിമാരായ ലാല്‍സിങ്, ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ രാജിവച്ചിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് രാജിയെന്ന് നിര്‍മല്‍ സിങ് പറഞ്ഞു. അതേസമയം പിഡിപി മന്ത്രിമാരില്‍ മാറ്റമുണ്ടായേക്കില്ല. ഒഴിഞ്ഞു കിടക്കുന്ന ധനമന്ത്രി സ്ഥാനത്തേക്ക് പുതിയ മന്ത്രിയെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com