പട്ടികജാതി പട്ടിക വര്‍ഗ നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

എസ് സി-എസ് ടി നിയമം അടുത്തിടെ സുപ്രീംകോടതി ലഘൂകരിച്ചിരുന്നു.  ഇത് മറികടക്കുന്നതിനാണ് പുതിയബില്‍ തയ്യാറാക്കിയത്
പട്ടികജാതി പട്ടിക വര്‍ഗ നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി : പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എസ് സി-എസ് ടി നിയമം അടുത്തിടെ സുപ്രീംകോടതി ലഘൂകരിച്ചിരുന്നു.  ഇത് മറികടക്കുന്നതിനാണ് പുതിയബില്‍ തയ്യാറാക്കിയത്. ബില്‍ മണ്‍സൂണ്‍ സെഷനില്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 

പട്ടിക വര്‍ഗ്ഗ കേസുകളിലെ പരാതികളില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റ്, പ്രോസിക്യൂഷന്‍ നടപടികള്‍ പാടുള്ളുവെന്നാണ് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് മാര്‍ച്ച് 20 നാണ് വിധി പ്രസ്താവിച്ചത്. 

പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉടനെ കേസെടുക്കണം എന്ന നിയമത്തിലാണ് കോടതി ഭേദഗതി വരുത്തിയത്. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷം കേസെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നും കോടതി ഉത്തരവിട്ടു. 

വിധിയില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ കലാപങ്ങള്‍ക്ക് വഴി വച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. എന്നാല്‍ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച കോടതി മുന്‍ വിധിയില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. 

ഇതേത്തുടര്‍ന്നാണ് പുതിയ ബില്‍ തയ്യാറാക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭ ഉപസമിതിയാണ് ബില്ലിന് രൂപം നല്‍കിയത്. പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ക്കശ നിയമങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ബില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com