രാജ്യത്ത് 'രക്തച്ചൊരിച്ചിലും' 'ആഭ്യന്തരയുദ്ധവും' : വിവാദ പരാമര്‍ശത്തില്‍ മമത ബാനര്‍ജിക്കെതിരെ കേസെടുത്തു

ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് അസമിലെ 40 ലക്ഷം പേര്‍ പുറത്തായതിനെതിരെയാണ് മമത രംഗത്തുവന്നത്
രാജ്യത്ത് 'രക്തച്ചൊരിച്ചിലും' 'ആഭ്യന്തരയുദ്ധവും' : വിവാദ പരാമര്‍ശത്തില്‍ മമത ബാനര്‍ജിക്കെതിരെ കേസെടുത്തു

കൊല്‍ക്കത്ത: അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് അസമിലെ 40 ലക്ഷം പേര്‍ പുറത്തായതിനെതിരെയാണ് മമത രംഗത്തുവന്നത്.  ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യാക്കാരെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്നും, ആഭ്യന്തര യുദ്ധം ഉണഅടാകുമെന്നുമായിരുന്നു മമതയുടെ പ്രസ്താവന.

മമതയുടെ ഈ പ്രസ്താവനക്കെതിരെ അസമിലെ  ബിജെപിയുടെ മൂന്ന് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മമതയുടെ വിവാദപരമാര്‍ശം. ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്ത നാല്‍പ്പത് ലക്ഷം പേരെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഉറപ്പായും ഇന്ത്യയില്‍ മാറ്റം വരണം. ഈ മാറ്റം 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകടമാകണം'. ഒരാള്‍ ഇന്ത്യാക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ബി.ജെ.പിക്കാരാണോയെന്നും മമത ചോദിച്ചു.

3.29 കോടി അപേക്ഷകരില്‍ നിന്ന് 40 ലക്ഷം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമായത് കഴിഞ്ഞ ദിവസം രാജ്യത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൗരത്വം ലഭിക്കാത്തവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാന്‍ സെപ്തംബര്‍ 28 വരെ സമയമുണ്ട്. തെറ്റുകള്‍ തിരുത്തി പുതിയ പട്ടിക പുറത്തിറക്കും വരെ ഇപ്പോള്‍ പുറത്തായവരുടെ പൗരത്വം ചോദ്യം ചെയ്യപ്പെടില്ലെന്നും രജിസ്ട്രാര്‍ ജനറല്‍ ഒഫ് ഇന്ത്യ അറിയിച്ചു. ഇപ്പോള്‍ പ്രസിദ്ധീകരിച്ച പട്ടികയുടെ പേരില്‍ ആര്‍ക്കെതിരെയും നടപടി എടുക്കരുതെന്ന് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com