ആവശ്യത്തിന് മുസ്ലിങ്ങള്‍ ഇന്ത്യയിലുണ്ട്, കൂടുതല്‍ പേരെ വേണ്ടത് രാഷ്ട്രീയക്കാര്‍ക്കെന്ന് തസ്ലിമ നസ്‌റീന്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd August 2018 01:41 PM  |  

Last Updated: 02nd August 2018 01:41 PM  |   A+A-   |  

 ന്യൂഡല്‍ഹി:  ഇന്ത്യയില്‍ ആവശ്യത്തിലധികം മുസ്ലിങ്ങളിപ്പോള്‍ ഉണ്ടെന്ന് പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്‍. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇനിയും ആവശ്യമില്ല. മുസ്ലിങ്ങളെ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് വേണ്ടതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷം അസം സ്വദേശികള്‍ പുറത്തായി നില്‍ക്കുന്ന സമയത്ത് പുറത്തുവന്ന തസ്ലിമയുടെ ട്വീറ്റ് വലിയ വിവാദത്തിനാണ് വഴി തെളിച്ചിരിക്കുന്നത്. അയ്യായിരത്തിലധികം പേരാണ് തസ്ലിമയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

തസ്ലിമ ഇന്ത്യയിലേക്ക്  തന്നെ അഭയാര്‍ത്ഥിയായി വന്നതല്ലേ എന്നിട്ടാണോ ഇങ്ങനെ പറയുന്നത്. നിങ്ങളെ പോലെയുള്ളവരെ അന്ന് നാട് കടത്തേണ്ടിയിരുന്നു എന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്. തസ്ലിമ എന്നാണ് ബംഗ്ലാദേശിലേക്ക് മടങ്ങുന്നതെന്നും മറ്റു ചിലര്‍ പോസ്റ്റിന് താഴെ കുറിച്ചു.

മുസ്ലിം വിദ്വേഷം നിറഞ്ഞ കമന്റുകള്‍ മുതല്‍ പട്ടികയില്‍ വന്ന സാങ്കേതിക പിഴവാണ് അവരെ നാടുകടത്തുകയില്ല എന്ന് വരെയുള്ള കമന്റുകള്‍ ട്വീറ്റിന് താഴെ നിറയുന്നുണ്ട്. 

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്തായ 40 ലക്ഷം പേരില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണ് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് നടത്തിയത്. കരട്പട്ടിക ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്നും കരട് പരിഷ്‌കരിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം അനുവദിക്കണമെന്ന് വിഷയത്തില്‍ ഇടപെട്ട് സുപ്രിം കോടതിയും ആവശ്യപ്പെട്ടിരുന്നു.