ലോക്‌സഭാ തെരഞ്ഞടുപ്പ് വിളിപ്പാടകലെ; സര്‍ക്കാരിറക്കുന്ന മരുന്നിലും ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് മുദ്രകുത്തല്‍ 

പ്രധാനമന്ത്രി എന്നത് ഇളം പച്ചനിറത്തില്‍ അപ്രസക്തമായും ഭാരതീയ ജന്‍ ഔഷധി പരിയോജന എന്നതിന്റെ ആദ്യ അക്ഷരങ്ങള്‍ 'ഭ ജ പ' എന്നിവ കാവിനിറത്തിലും പ്രദര്‍ശിപ്പിച്ചെന്നും ആരോപണം 
ലോക്‌സഭാ തെരഞ്ഞടുപ്പ് വിളിപ്പാടകലെ; സര്‍ക്കാരിറക്കുന്ന മരുന്നിലും ഭാരതീയ ജനതാ പാര്‍ട്ടിയെന്ന് മുദ്രകുത്തല്‍ 

ന്യൂഡല്‍ഹി: കുറഞ്ഞവിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ബിജെപിയുടെ പ്രചാരണ പരിപാടിയാക്കിയെന്ന് ആരോപണം. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഭാഗമായി  പുറത്തിറക്കുന്ന മരുന്നുകളുടെ കവറില്‍ ഭാരതീയ ജനതാ പാര്‍ടി എന്നതിന്റെ ഹിന്ദി ചുരുക്കെഴുത്തായ 'ഭ ജ പ' എന്ന് തെറ്റിദ്ധരിപ്പിക്കുന്ന മുദ്രകുത്തല്‍ ഉണ്ടെന്നാണ് ആരോപണം

പ്രധാനമന്ത്രി എന്നത് ഇളം പച്ചനിറത്തില്‍ അപ്രസക്തമായും ഭാരതീയ ജന്‍ ഔഷധി പരിയോജന എന്നതിന്റെ ആദ്യ അക്ഷരങ്ങള്‍ 'ഭ ജ പ' എന്നിവ കാവിനിറത്തിലും പ്രദര്‍ശിപ്പിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനു കീഴിലുള്ള ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്യുഎസ് ഓഫ് ഇന്ത്യ പുറത്തിറക്കിയ മരുന്നുകളിലാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമുള്ളത്.

'ഭ ജ പ' എന്ന് എഴുതി കബളിപ്പിക്കാവുന്ന നിലയിലേക്ക് കേന്ദ്രപദ്ധതിയുടെ പേര് വളച്ചൊടിക്കാന്‍ രണ്ടുതവണ കേന്ദ്രം പദ്ധതിയുടെ പേരുതന്നെ തിരുത്തി. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് 'ജന്‍ ഔഷധി സ്‌കീം' എന്ന പേരില്‍ പദ്ധതി തുടങ്ങിയത്. മോഡി അധികാരത്തിലെത്തിയശേഷം 2015 സെപ്തംബറില്‍ പദ്ധതിയുടെ പേര് 'പ്രധാനമന്ത്രി ജന്‍ ഔഷധി യോജന' (പിഎംജെഎവൈ) എന്ന് തിരുത്തി. 2016 നവംബറില്‍ വീണ്ടും തിരുത്തി 'പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന' (പിഎംബിജെപി) എന്നാക്കി. ഹിന്ദിയില്‍ 'ഭ ജ പ' എന്നും ഇംഗ്ലീഷില്‍ 'ബി ജെ പി' എന്നും വരുന്നനിലയിലാണ് പേര് ക്രമീകരിച്ചത്. ബിജെപിയുടെ കൊടിയിലുള്ള മൂന്ന് നിറം ചേര്‍ത്താണ് പദ്ധതിയുടെ ചിഹ്നവും ഹിന്ദിയിലുള്ള പേരും മരുന്നിന്റെ കവറുകളില്‍ മുദ്രകുത്തിയത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയതോടെ സര്‍ക്കാരിന്റെ സര്‍വ സന്നാഹങ്ങളും പ്രചരണങ്ങള്‍ക്കുപയോഗിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. മോഡിയുടെ ബാല്യകാല കഥ പാടിപ്പുകഴ്ത്തുന്ന 'ചലോ ജീതേ ഹൈന്‍' എന്ന ഹ്രസ്വചിത്രം രാഷ്ട്രപതിഭവനിലും പാര്‍ലമെന്റ് സെക്രട്ടറിയറ്റിലും അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ മുന്നിലാണ് പ്രധാനമന്ത്രി ഓഫീസിന്റെയും വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം പ്രദര്‍ശനം നടന്നത്. കഥാനായകനായ കുട്ടി ചായവില്‍പ്പന നടത്തുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് 'ബാല്‍ നരേന്ദ്ര' എന്നപേരില്‍ മോഡിയുടെ ബാല്യകാല ചിത്രകഥ പ്രസിദ്ധീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com