സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കില്ല; ഹബ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കില്ല; ഹബ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കില്ല; ഹബ് തുടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിനു സംവിധാനം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം പിന്‍വലിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രിം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുന്നതിനു ഹബ് സ്ഥാപിക്കാനുള്ള കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മൊഹുവ മൊയ്ത്രയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പൗരന്മാര്‍ക്കു മേല്‍ ചാരപ്രവര്‍ത്തനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണ് ഇതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നയരൂപീകരണത്തില്‍ സഹായിക്കും എന്നതിനാലാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയ വിശദീകരണം. വിവിധ പദ്ധതികളോടുള്ള പൗരന്മാരുടെ നിലപാട് അറിയാന്‍ ഇതു സഹായകമാവും. ഇതനുസരിച്ച് പദ്ധതികള്‍ പുനസംവിധാനം ചെയ്യാനാവും. ദേശവിരുദ്ധമായ പ്രചാരണങ്ങളെ പ്രതിരോധിക്കാനും ഇതിലൂടെയാവുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.

സോഷ്യല്‍ മീഡിയ ഹബ് തുടങ്ങാനുള്ള കേന്ദ്ര തീരുമാനം വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത് പൗരന്മാര്‍ക്കെതിരായ ഭരണകൂടത്തിന്റെ ഉപകരണമായി മാറുമെന്ന് വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് നീക്കം ഉപേക്ഷിച്ചതായി കേന്ദ്രം സുപ്രിം കോടതിയെ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com