കോണ്‍ഗ്രസിന്റെ മീഡിയാ റൂം കാവി ; വിമര്‍ശനം കനത്തു, ഒറ്റരാത്രി കൊണ്ട് വെള്ളപൂശി

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മീഡിയാ റൂമിന്റെ ഭിത്തിയാണ് കാവി പെയിന്റ് അടിച്ചത്
കോണ്‍ഗ്രസിന്റെ മീഡിയാ റൂം കാവി ; വിമര്‍ശനം കനത്തു, ഒറ്റരാത്രി കൊണ്ട് വെള്ളപൂശി

ലക്‌നൗ : ബിജെപി സര്‍ക്കാര്‍ സ്‌കൂളുകളും സ്ഥാപനങ്ങളുമെല്ലാം കാവിവല്‍ക്കരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ബിജെപിയുടെ ഈ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവരുന്ന കോണ്‍ഗ്രസിന്റെ മീഡിയാ റൂമിന്റെ നിറവും കാവിയായി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മീഡിയാ റൂമിന്റെ ഭിത്തിയാണ് കാവി പെയിന്റ് അടിച്ചത്. 

മീഡിയാ റൂം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തരാണ് ഭിത്തിയിലെ കാവി നിറം കണ്ട് അമ്പരന്നത്. ഇതിനിടെ ചിലര്‍ ഇതിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. മീഡിയ റൂമില്‍ പാര്‍ട്ടി വക്താക്കള്‍ ഇരിക്കുന്നതിന് പിന്നിലെ ഭിത്തിയിലാണ് കാവി നിറം പൂശിയത്. 

ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. സോഷ്യല്‍ മീഡിയയില്‍ പരിഹാസവും വിമര്‍ശനവും ശക്തമായതോടെ, രാത്രിക്കു രാത്രി തന്നെ  വെള്ള നിറം പൂശി ഭിത്തിയുടെ നിറം വെളുപ്പാക്കി.

ത്രിവര്‍ണ പതാകയുടെ നിറമാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നായിരുന്നു സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ആദ്യ വിശദീകരണം. ഭിത്തിയില്‍ മഞ്ഞ നിറമാണ് ഉദ്ദേശിച്ചിരുന്നതെന്നും, എന്നാല്‍ പെയിന്റര്‍ക്ക് നിറം മാറിപ്പോയത് ആണെന്നുമായിരുന്നു ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഒരു സീനിയര്‍ നേതാവിന്റെ പ്രതികരണം. 

വെള്ള പെയിന്റ് അടിച്ച് കാവി നിറം മാറ്റുന്നു
വെള്ള പെയിന്റ് അടിച്ച് കാവി നിറം മാറ്റുന്നു

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ കാവി നിറം പൂശിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വന്‍ പ്രക്ഷോഭമാണ് നടത്തിയത്. കൂടാതെ, ശാസ്ത്രിഭവന്‍, ലക്‌നൗ ഹജ്ജ് ഹൗസ് എന്നിവ കാവി പൂശിയതിനെതിരെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com