വിമാനത്തിലെ കക്കൂസ് മാലിന്യം വീടുകളില്‍ വീണു; പറക്കലിനിടെടോയ്‌ലറ്റ് ടാങ്ക് തുറക്കരുത്: ഹരിത ട്രിബ്യൂണല്‍

വിമാനത്തിലെ ടോയ്‌ലറ്റ് ടാങ്ക് പറന്നുകൊണ്ടിരിക്കെ തുറന്നു വിടരുതെന്ന ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍.
വിമാനത്തിലെ കക്കൂസ് മാലിന്യം വീടുകളില്‍ വീണു; പറക്കലിനിടെടോയ്‌ലറ്റ് ടാങ്ക് തുറക്കരുത്: ഹരിത ട്രിബ്യൂണല്‍

ന്യൂഡെല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റ് ടാങ്ക് പറന്നുകൊണ്ടിരിക്കെ തുറന്നു വിടരുതെന്ന ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഇതില്‍ വീഴ്ച വരുത്തിയാല്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) ശമ്പളം തടയുമെന്നും ഹരിത ട്രിബ്യൂണല്‍ അറിയിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഇക്കാര്യം അറിയിച്ച് ഉത്തരവിറക്കാന്‍ ഓഗസ്റ്റ് 31 വരെ സമയം നല്‍കും.

ഇക്കാര്യത്തില്‍ അംഗീകരിക്കാവുന്നതും വസ്തുതാപരവുമായ വിശദീകരണങ്ങള്‍ ഒന്നും നല്‍കാതെ ഡിജിസിഎ തുടര്‍ച്ചയായി ധിക്കാരം കാണിക്കുകയാണ്. ഇനിയും ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

വിമാനത്തിലെ കക്കൂസ് മാലിന്യങ്ങള്‍ വീണ് തന്റെ അയല്‍വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്ന് കാട്ടി ഡല്‍ഹി സ്വദേശിയായ റിട്ടയേഡ് ലെഫ്റ്റനന്റ് ജനറല്‍ സദ്വന്ത് സിങ് ദഹിയ നല്‍കിയ കേസിനെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. 

ആകാശത്ത് വെച്ച് ടാങ്ക് കാലിയാക്കാനുള്ള സംവിധാനം ഇപ്പോഴത്തെ വിമാനങ്ങള്‍ക്കില്ലെന്നും നിലത്തിറക്കിയ ശേഷമാണ് മാലിന്യം നീക്കുന്നതെന്നുമാണ് ഡിജിസിഎ പറഞ്ഞിരുന്നത്. മാത്രമല്ല, ഡല്‍ഹിയിലെ വീടുകളില്‍ വീണത് പക്ഷിക്കാഷ്ഠമാകാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രത്യേക കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വീടുകളില്‍ വീണത് പക്ഷിക്കാഷ്ഠം തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് ആകാശത്തുവെച്ച് കക്കൂസ് ടാങ്ക് തുറന്നുവിടുന്ന വിമാനക്കമ്പനികള്‍ പാരിസ്ഥിതിക നഷ്ടപരിഹാരമായി 50000 രൂപ പിഴയടക്കണമെന്ന് ഉത്തരവിറക്കാന്‍ ഡിജിസിഎയോട് കോടതി നിര്‍ദേശിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com