ലജ്ജയുണ്ടെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കു; നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ 

മുസാഫര്‍പുര്‍ ബാലികാ കേന്ദ്രത്തിലെ ലൈംഗിക ചൂഷണ കേസിലെ കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ചാണ് രാഹുല്‍ നീതീഷിനെതിരേ ആഞ്ഞടിച്ചത്
ലജ്ജയുണ്ടെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കു; നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ 

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുസാഫര്‍പുര്‍ ബാലികാ കേന്ദ്രത്തിലെ ലൈംഗിക ചൂഷണ കേസിലെ കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ചാണ് രാഹുല്‍ നീതീഷിനെതിരേ ആഞ്ഞടിച്ചത്. ബിഹാറിലെ മുസാഫര്‍പൂറില്‍ ബാലികാകേന്ദ്രം ഉടമ ബ്രജേഷ് താക്കൂര്‍ 34 പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവേയാണ് രാഹുലിന്റെ വിമര്‍ശനം. ലജ്ജയുണ്ടെങ്കില്‍ നിതീഷ് കുമാര്‍ സംഭവത്തിലെ കുറ്റവാളികള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. 

ആര്‍.ജെ.ഡി നേതാവ് തേജ്വസി യാദവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം സംഗമിച്ചതും ശ്രദ്ധേയമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധി ദിനേശ് ത്രിവേദി, എല്‍.ജെ.ഡി നേതാവ് ശരത് യാദവ് തുടങ്ങിയ പ്രമുഖരെല്ലാം സംഗമത്തില്‍ പങ്കെടുത്തു. 

ഇത് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷിത്വത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. ഈ ആവശ്യത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും  പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

തേജ്വസി യാദവും നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു. ഇത്തരമൊരു സംഭവം അരങ്ങേറിയതില്‍ ലജ്ജിക്കുന്നു. ഇപ്പോഴും നിതീഷ് കുമാര്‍ സദ്ഭരണത്തെ കുറിച്ചു സംസാരിക്കുകയാണെന്ന് തേജസ്വി പരിഹസിച്ചു. സംഭവത്തില്‍ കുറ്റക്കാരനായ ബ്രജേഷ് നിതീഷ് കുമാറിന് വേണ്ടപ്പെട്ടയാളാണെന്നും ഇയാളെ തൂക്കിക്കൊല്ലണമെന്നും തേജസ്വി ആവശ്യപ്പെട്ടു.   

അതേസമയം സംഭവം പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് നിതീഷ് കുമാര്‍ മൗനം വെടിഞ്ഞ് പ്രതികരിച്ചത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയത് ലജ്ജാകരമെന്ന് പറഞ്ഞ നിതീഷ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ബാലികാകേന്ദ്രത്തിലെ ഏഴ് മുതല്‍ 17 വയസ് വരെയുള്ള 34 പെണ്‍കുട്ടികളെയാണ് ഉടമ പീഡനത്തിന് ഇരകളാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com