സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തി ലോകാരോഗ്യസംഘടന; രാജ്യത്ത് മൂന്നുലക്ഷം മരണം തടയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്

ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരതത്തെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യസംഘടന.
സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തി ലോകാരോഗ്യസംഘടന; രാജ്യത്ത് മൂന്നുലക്ഷം മരണം തടയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  ബിജെപി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്വച്ഛ് ഭാരതത്തെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യസംഘടന. 2019ഓടേ രാജ്യത്ത് പൊതുശുചീകരണരംഗത്ത് 100 ശതമാനം വിജയം കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് സ്വച്ഛ് ഭാരത് പദ്ധതി വിഭാവനം ചെയ്തത്. ഇതില്‍ പൂര്‍ണമായി വിജയിക്കാന്‍ സാധിച്ചാല്‍ അതിസാരം, പോഷകാഹാരകുറവ് എന്നിവമൂലമുളള 3 ലക്ഷം മരണം തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യസംഘടനയുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിലവില്‍ സ്വച്ഛ് ഭാരത് പദ്ധതി രാജ്യത്ത് വലിയ മാറ്റമാണ് കൊണ്ടുവരുന്നത്. പൊതുശുചീകരണരംഗത്തും, വെളിയിട വിസര്‍ജ്ജനം തടയുന്നതിലും സ്വച്ഛ് ഭാരത് പദ്ധതി വലിയ പുരോഗതി കൈവരിച്ചുകഴിഞ്ഞു. ഇത് അതിസാരം, പോഷകാഹാരകുറവ് എന്നിവമൂലമുളള മരണനിരക്ക് ഗണ്യമായി വെട്ടിച്ചുരുക്കുവാന്‍ സഹായകമായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശുചീകരണദൗത്യം മികച്ച നിലയില്‍ പുരോഗമിച്ചാല്‍, 1.4 കോടി അധികം വര്‍ഷങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുമെന്നും ലോകാരോഗ്യസംഘടന പ്രത്യാശ പ്രകടിപ്പിക്കുന്നു.  സ്വച്ഛ്ഭാരത് പദ്ധതി നടപ്പിലാക്കിയ 2014ന് മുമ്പ് നിലനിന്നിരുന്ന വൃത്തിഹീനമായ സാഹചര്യത്തില്‍ അതിസാരം ബാധിച്ച  19.9 കോടി കേസുകളാണ് വര്‍ഷാവര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആരോഗ്യപരിപാലനരംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം കേസുകള്‍ പൂര്‍ണമായി തുടച്ചുനീക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.

സ്വച്ഛ് ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയശേഷം വീടുതോറുമുളള ആരോഗ്യപരിപാലനരംഗത്തും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് തുടക്കമിടുന്നതിന് മുന്‍പ് വീടുതോറുമുളള ആരോഗ്യപരിപാലനം കേവലം മൂന്നുശതമാനമായിരുന്നു. നിലവില്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. 2016-18 വര്‍ഷങ്ങള്‍ക്കിടയിലാണ് ആരോഗ്യപരിപാലനരംഗത്ത് ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തിയത്.

കഴിഞ്ഞ ബജറ്റില്‍ സ്വച്ഛ് ഭാരത് പദ്ധതിക്കായി 15000 കോടി രൂപയാണ് നീക്കിവെച്ചത്. ഇതും മികച്ച നിലയില്‍ ദൗത്യം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകുമെന്ന് ലോകാരോഗ്യസംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com