'എന്തുകൊണ്ട് മമതയ്ക്ക് ആയിക്കൂടാ ?'; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ദേവഗൗഡ

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി 17 വര്‍ഷമാണ് ഇന്ത്യ ഭരിച്ചത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മമത ബാനര്‍ജിയ്‌ക്കോ, മായാവതിക്കോ പ്രധാനമന്ത്രി ആയിക്കൂടാ.
'എന്തുകൊണ്ട് മമതയ്ക്ക് ആയിക്കൂടാ ?'; പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ദേവഗൗഡ

ന്യൂഡല്‍ഹി :  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിന് മുന്‍തൂക്കം നല്‍കുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിനായി കടുംപിടുത്തം നടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിസ്ഥാനം മറ്റു കക്ഷികള്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൂചിപ്പിക്കുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കുകയാണ് ലക്ഷ്യം. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാമെന്നുമാണ് രാഹുലിന്റെ നിലപാട്. 

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ മമത ചര്‍ച്ചകളിലെ കേന്ദ്രബിന്ദുവായി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മമത ബാനര്‍ജിയെ അംഗീകരിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ജെഡിഎസ് ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയോട് ചോദിച്ചു. മമതയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഒരു വിയോജിപ്പും ഇല്ലെന്ന് ദേവഗൗഡ പറഞ്ഞു. 

മമതയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതിനെ സ്വാഗതം ചെയ്യുകയാണ്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി 17 വര്‍ഷമാണ് ഇന്ത്യ ഭരിച്ചത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മമത ബാനര്‍ജിയ്‌ക്കോ, മായാവതിക്കോ പ്രധാനമന്ത്രി ആയിക്കൂടാ. എന്തുകൊണ്ട് പുരുഷന്മാര്‍ മാത്രം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നൂ എന്നും ദേവഗൗഡ ചോദിച്ചു. 

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. യുപി, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി പ്രതിപക്ഷ നിരയില്‍ അണിനിരക്കേണ്ടത് അനിവാര്യമാണെന്നും ദേവഗൗഡ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com