നിയമം തെറ്റിച്ച് ആക്ടീവ നിരത്തിലൂടെ വിലസി, 63,500 രൂപ പിഴയിട്ട് പൊലീസ്

നിയമം തെറ്റിച്ച് ആക്ടീവ നിരത്തിലൂടെ വിലസി, 63,500 രൂപ പിഴയിട്ട് പൊലീസ്
നിയമം തെറ്റിച്ച് ആക്ടീവ നിരത്തിലൂടെ വിലസി, 63,500 രൂപ പിഴയിട്ട് പൊലീസ്

മൈസുരു: പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയിലെന്നാണ് പഴമൊഴി. ഒരു ആക്ടീവ സ്‌കൂട്ടര്‍ ട്രാഫിക് നിയമം തെറ്റിച്ച് മൈസൂര്‍ നിരത്തിലൂടെ 635 തവണ വിലസി നടന്നവന്‍ പിടിയിലായി. മൈസൂര്‍ ട്രാഫിക് പോലീസിന്റെ പരിശോധനയിലാണ് ഈ നിയമലംഘനം പിടിക്കപ്പെട്ടത്. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് കൈ കാണിച്ച് നിര്‍ത്തി പെറ്റി അടയ്ക്കാന്‍ വാഹന നമ്പറും മറ്റും വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘന പരമ്പര കണ്ട് പോലീസ് ഞെട്ടിയത്. എന്നാല്‍ പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടര്‍ ഓടിച്ചയാള്‍ ഓടി രക്ഷപ്പെട്ടു. 

635 നിയമലംഘനങ്ങളില്‍ കൂടുതലും സിഗ്‌നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചതും ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചതിനുമാണ്. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് ഇവയെല്ലാം പിടിക്കപ്പെട്ടിരുന്നത്. ഈ കുറ്റങ്ങള്‍ക്കെല്ലാം ചേര്‍ത്ത് പോലീസ് ഇട്ട പിഴ 63500 രൂപയും. എന്നാല്‍ ഉടമസ്ഥനില്ലാതെ പിഴ എങ്ങനെ അടപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്. ആര്‍ടിഒ രേഖകള്‍ പ്രകാരം ഇതിന്റെ ഓണര്‍ക്ക് നോട്ടീസ് അയച്ച് കേസ് എടുത്തിട്ടുണ്ട്. ഉടമസ്ഥന്‍ രേഖകളില്‍ പേര് മാറ്റാതെ വിറ്റ വാഹനമാണോ ഇതെന്ന കാര്യത്തിലും ട്രാഫിക് പോലീസിന് സംശയമുണ്ട്.  

ഉടമസ്ഥന്റെ കൈയില്‍ നിന്ന് പണം കിട്ടിയില്ലെങ്കില്‍ പിഴ തുക ലഭിക്കാന്‍ പിടിച്ചെടുത്ത വണ്ടി ലേലത്തില്‍ വിറ്റാലും ഇത്രയും വലിയ തുക ലഭിക്കില്ല. 2015 മോഡലായ സ്‌കൂട്ടറിന് പരമാവധി 20000- 25000രൂപ മാത്രമേ റീസെയില്‍ വാല്യു ലഭിക്കു. എന്നാല്‍ ഉടമസ്ഥന്‍ കാലങ്ങളായി ഇന്‍ഷൂറന്‍സ് അടയ്ക്കാത്തതിനാല്‍ വില്‍പ്പനയും ട്രാഫിക് പോലീസിന് അത്ര എളുപ്പത്തില്‍ നടക്കില്ല. അതുകൊണ്ട് തന്നെ കേസ് എങ്ങനെ ഒത്തുതീര്‍ക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ട്രാഫിക് പോലീസ്. കോടതി തീരുമാനപ്രകാരമായിരിക്കും ഇനി തുടര്‍നടപടികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com