കാക്കി സ്വപ്നം കളയേണ്ട,വീണ്ടും പരീക്ഷ എഴുതാം,അതും സ്വന്തം നാട്ടില്‍; 3000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ഡിസ്ട്രിക് ആംഡ് റിസര്‍വ് പൊലീസ് സേനയിലേക്ക് ഞായറാഴ്ച നടന്ന പരീക്ഷയാണ് 3000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ സമയം നിരാശയും ആശ്വാസവും നല്‍കിയത്
കാക്കി സ്വപ്നം കളയേണ്ട,വീണ്ടും പരീക്ഷ എഴുതാം,അതും സ്വന്തം നാട്ടില്‍; 3000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

ബംഗലൂരു: ട്രെയിന്‍ വൈകി എന്നത് പോലെ ശക്തമായ കാരണങ്ങള്‍ ന്യായവാദമായി ഉന്നയിച്ചാലും ജോലി തേടിയുളള മത്സരപരീക്ഷകളില്‍ വീണ്ടും ഒരു അവസരം നല്‍കുന്നത് അപൂര്‍വ്വമായ സംഗതിയാണ്. എന്നാല്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം 3000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും സ്വപ്‌നം കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഇതിന് പുറമേ ട്രെയിന്‍ വൈകിയതുമൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദൂര സ്ഥലത്ത് നിന്നുളള ഈ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ നാട്ടില്‍ തന്നെ പരീക്ഷ എഴുതാനുളള അവസരവും മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം സാധ്യമായി.

ഡിസ്ട്രിക് ആംഡ് റിസര്‍വ് പൊലീസ് സേനയിലേക്ക് ഞായറാഴ്ച നടന്ന പരീക്ഷയാണ് 3000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേ സമയം നിരാശയും ആശ്വാസവും നല്‍കിയത്. ട്രെയിന്‍ മണിക്കൂറുകളോളം വൈകിയത് മൂലം  കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നടന്ന മത്സരപരീക്ഷ എഴുതാന്‍ കഴിയാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രക്ഷകനായത്. 

കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ട്രെയിന്‍ വൈകിയതുമൂലം പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. രാവിലെ 6.25ന് ബംഗലൂരുവില്‍ എത്തേണ്ട റാണി ചെന്നമ്മ എക്‌സ്പ്രസ് സ്റ്റേഷനില്‍ എത്തിയത് വൈകീട്ട് 3 മണിക്ക്. ഇതിനിടയില്‍ പരീക്ഷ കൃത്യസമയമായ 10.30ന് തന്നെ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് ഹുബ്ലി , കര്‍ണാടകയിലെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളളവര്‍ പരീക്ഷ എഴുതാന്‍ കഴിയാതെ നിരാശരായി. ഈ വിവരം അറിഞ്ഞാണ് മുഖ്യമന്ത്രി ഇടപെട്ടത്. 

വീണ്ടും പരീക്ഷ നടത്തുമെന്ന് ഉറപ്പുനല്‍കിയതിന് പുറമേ ഹുബ്ലിയില്‍ തന്നെ പരീക്ഷ നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ട്വറ്ററില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഹാള്‍ ടിക്കറ്റും റെയില്‍വേ ടിക്കറ്റും ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് പരീക്ഷാ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com