ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി: പ്രതിഷേധവുമായി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെ കണ്ടു, ഇടപെടാമെന്ന് ഉറപ്പ്

ഒരു വിഭാഗം മുതിര്‍ന്ന ജഡ്ജിമാരാണ്, സീനിയോറിറ്റി അട്ടിമറിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്
ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി: പ്രതിഷേധവുമായി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിനെ കണ്ടു, ഇടപെടാമെന്ന് ഉറപ്പ്

ന്യൂഡല്‍ഹി: ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി അട്ടിമറിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ ജഡ്ജിമാര്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കണ്ടു. വിഷയത്തില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ക്ക് ഉറപ്പുനല്‍കിയതായാണ് സൂചന.

ഒരു വിഭാഗം മുതിര്‍ന്ന ജഡ്ജിമാരാണ്, സീനിയോറിറ്റി അട്ടിമറിച്ചതില്‍ പ്രതിഷേധം അറിയിക്കാന്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്. ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി നിയമിക്കാനുള്ള, നേരത്തെ തിരിച്ചയച്ച കൊളീജിയം ശൂപാര്‍ശ അംഗീകരിച്ചെങ്കിലും സീനിയോറിറ്റിയില്‍ അദ്ദേഹത്തെ തഴഞ്ഞുകൊണ്ടാണ് കേന്ദ്ര തീരുമാനം വന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന ക്രമത്തിലാണ് സുപ്രിം കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി കണക്കാക്കുന്നത്. പുതിയ ജഡ്ജിമാാരുടെ സത്യപ്രതിജ്ഞ അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ പേര് മൂന്നാമതായാണ് ചേര്‍ത്തിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ സീനിയോറിറ്റി അട്ടിമറിക്കുന്നതാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

വിഷയത്തില്‍ ഇടപെടാമെന്ന് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍്ക്കാരുമായി ഈ വിഷയം ചീഫ് ജസ്റ്റിസ് ചര്‍ച്ച ചെയ്യും. ജഡ്ജിമാരുടെ കൂടിക്കാഴ്ചയ്ക്കു പിന്നാലെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലുമായി ചീഫ് ജസ്റ്റിസ് വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റം വരുത്തുന്നതു സംബന്ധിച്ചിച്ച് അറിയിപ്പൊന്നും വന്നിട്ടില്ല.

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തിയിരുന്നു. കെഎം ജോസഫിനെ ജഡ്ജിയാക്കണമെന്ന ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തി വീണ്ടും ശുപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു കൊളീജിയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com