എന്‍സിപി എംപി പ്രതിപക്ഷത്തിന്റെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥി; അകാലിദളും സേനയും ഇടഞ്ഞു നില്‍ക്കുന്നു: എന്‍ഡിഎ ക്യാമ്പില്‍ ആശങ്ക

എന്‍സിപി എംപി പ്രതിപക്ഷത്തിന്റെ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥി; അകാലിദളും സേനയും ഇടഞ്ഞു നില്‍ക്കുന്നു: എന്‍ഡിഎ ക്യാമ്പില്‍ ആശങ്ക

രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ മത്സരാര്‍ത്ഥിയായി എന്‍സിപി എംപി വന്ദന ചവാനെ തീരുമാനിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ മത്സരാര്‍ത്ഥിയായി എന്‍സിപി എംപി വന്ദന ചവാനെ തീരുമാനിച്ചു. മുന്‍ പൂനെ മേയര്‍ കൂടിയായ വന്ദന ചവാന്‍ ശിവസേനയോട് അടുപ്പമുള്ള നേതാവാണ്. എന്‍ഡിഎയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിവസേനയുടെ കൂടി പിന്തുണ ലഭിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് വന്ദനയെ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ജെഡിയുവിന്റെ ഹരിവന്‍ഷ് നാരായണ്‍ സിങാണ് എന്‍ഡി സ്ഥാനാര്‍ത്ഥി. വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. 

സ്ഥാനാര്‍ത്ഥി നിര്‍ണയം രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണ് ബിജെപിയെയും എന്‍ഡിഎയും അലട്ടുന്നത്. നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയും എഐഎഡിഎംകെയും പിന്തുണയ്ക്കുമെന്ന പ്രതിക്ഷയിലാണ് എന്‍ഡിഎ ക്യാമ്പുകള്‍. എന്നാല്‍ ഇരുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. മറുവശത്ത് ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും ശക്തിപ്പെടുത്തിക്കഴിഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ സഖ്യസാധ്യതതകള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ശിവസേനയും അകാലിദളും എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.  തെലങ്കാന രാഷ്ട്രസമിതിയുടെ പിന്തുണയും എന്‍ഡിഎ പ്രതീക്ഷിക്കുന്നു. 

245 അംഗ സഭയില്‍ 123 വോട്ടുകളാണ് വിജയിക്കാന്‍ വേണ്ടത്. തെലുങ്ക് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിന് 119 സീറ്റുകളുണ്ട്. എഎപിയുടെയും എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച പിഡിപിയുടെും പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് പക്ഷം കണക്കുകൂട്ടുന്നത്. 

ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ വര്‍ഷങ്ങളായി എന്‍ഡിഎ സഖ്യകക്ഷിയായി തുടരുന്ന അകാലിദളിന് അതൃപ്തിയുണ്ടെന്നും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. 

സ്ഥാനാരര്‍ത്ഥിയെ നിര്‍ണയിക്കുന്നതിന് മുമ്പ് തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് ശിവസേനയും എന്‍ഡിഎയോട് ഇടഞ്ഞ് നില്‍ക്കുകയാണ്. പിന്തുണ ആവശ്യപ്പെട്ട് അമിത് ഷാ ഉദ്ദവ് താക്കറെയെ സമീപിച്ചതായും തെരഞ്ഞെടുപ്പിന് ഒരുമണിക്കൂര്‍ മുമ്പു നിലപാട് അറിയിക്കുമെന്നും ശിവസേന വ്യക്തമാക്കി. 

കേരളത്തില്‍ നിന്നുള്ള എംപിയായിരുന്ന പിജെ കുര്യന്റെ സമയം അവസാനിച്ചതിനെത്തുടര്‍ന്നാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com