മുന്‍മുഖ്യമന്ത്രിയെ മറീനാ ബീച്ചില്‍ സംസ്‌കരിക്കാന്‍ കഴിയില്ല:എഐഎഡിഎംകെ സര്‍ക്കാരിന്റെ വാദങ്ങള്‍ ഇങ്ങനെ (LIVE)

അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡിഎംകെ ഹൈക്കോടതിയിലേക്ക്
മുന്‍മുഖ്യമന്ത്രിയെ മറീനാ ബീച്ചില്‍ സംസ്‌കരിക്കാന്‍ കഴിയില്ല:എഐഎഡിഎംകെ സര്‍ക്കാരിന്റെ വാദങ്ങള്‍ ഇങ്ങനെ (LIVE)


ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഡിഎംകെ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹുലുവാഡി ജി രമേഷും  ജസ്റ്റിസ് എസ് എസ് സുന്ദരവുമടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഡിഎംകെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 ഡിഎംകെ സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അണ്ണാ ദുരൈയുടെ ശവകൂടീരത്തിന് സമീപം കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കണമെന്ന ഡിഎംകെയുടെ ആവശ്യം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിരാകരിച്ചിരുന്നു. മറീന ബീച്ചില്‍ മുഖ്യമന്ത്രിമാരെ മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളത്. മുന്‍മുഖ്യമന്ത്രിമാരെ സംസ്‌കരിച്ചിട്ടില്ല എന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. മറീന ബീച്ചില്‍ നിരവധി സ്മാരകങ്ങള്‍ ഉയരുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണനിയിലാണെന്നും സര്‍ക്കാര്‍ പറയുന്നു. 

എന്നാല്‍ അണ്ണാ സ്മാരകത്തിന് സമീപം തന്നെ കരുണാനിധിയ്ക്ക് അന്ത്യവിശ്രമമൊരുക്കുക എന്നത് ഡിഎംകെയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. കരുണാനിധിയും എംജിആറും തുടക്കമിട്ട പോരിന് ജയലളിതയുടെയും കരുണാനിധിയുടെയും മരണങ്ങളോടെ അന്ത്യമാകില്ല എന്ന സൂചനയാണ് പുതിയ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. 

അണ്ണാദുരൈയുടേയും എംജി രാമചന്ദ്രന്റെയും ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലമായ മറീന ബീച്ചില്‍ കരുണാനിധിക്കും അന്ത്യവിശ്രമ സ്ഥലം നല്‍കണം എന്നാവശ്യപ്പെട്ട് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പളനിസ്വാമിയെ സമീപിച്ചിരുന്നു.  എന്നാല്‍  മറീനാ ബീച്ചിന് പകരം ഗിണ്ടിയില്‍ സ്ഥലം അനുവദിക്കാമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാട് പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ഡിഎംകെ പ്രവര്‍ത്തകര്‍ തെരുവിലിരങ്ങി. ചിലയിടങ്ങളില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

വൈകിട്ട് 6.10ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥലിയിലായിരുന്നു കരുണാനിധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com