വിടവാങ്ങിയത് തമിഴ് രാഷ്ട്രീയത്തിലെ ഉദയസൂര്യന്‍; കലൈഞ്ജര്‍ ഇനി ഓര്‍മ്മ

1969 മുതല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു
വിടവാങ്ങിയത് തമിഴ് രാഷ്ട്രീയത്തിലെ ഉദയസൂര്യന്‍; കലൈഞ്ജര്‍ ഇനി ഓര്‍മ്മ

മിഴ് രാഷ്ട്രീയത്തിലെ ഉദയസൂര്യനായിരുന്നു കലൈഞ്ജര്‍ എന്ന എം കരുണാനിധി. തമിഴ് മക്കളെ പോരാടാന്‍ പഠിപ്പിച്ച അണ്ണാ ദുരൈയുടെ ഡിഎംകെ എന്ന പാര്‍ട്ടിയെ അരനൂറ്റാണ്ടിലേറെയാണ് കരുണാനിധി മുന്നില്‍ നിന്ന് നയിച്ചത്. വിജയത്തിലേക്കു മുന്നില്‍ നിന്നു നയിക്കുകയും പ്രതിസന്ധികളില്‍ വഴികാട്ടുകയും ചെയ്ത തമിഴ്ജനതയുടെ പ്രിയനേതാവ് വിടവാങ്ങുമ്പോള്‍ കൂടെ അവസാനിക്കുന്നത് ദ്രാവിഡ രാഷ്ട്രീയതത്തിലെ സംഭവബഹുലമായ ഒരു കാലഘട്ടം കൂടിയാണ്.

തിരുവാരൂരെന്ന കുഗ്രാമത്തിലായിരുന്നു കരുണാനിധിയുടെ ജനനം. രാജ്യത്തെ  കൂര്‍മ ബുദ്ധിയുള്ള രാഷ്ട്രീയ തന്ത്രജ്ഞനിലേക്കുള്ള ആ വളര്‍ച്ച ഓരോ ചുവടിലും പോരാടി തന്നെയായിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയും ഭാഷയെ ആയുധമാക്കുന്ന പ്രതിഭാ വിലാസവും ആ കുതിപ്പില്‍ ആയുധമായി. അഴഗിരി സാമിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണു വിദ്യാര്‍ഥിയായ കരുണാനിധി രാഷ്ട്രീയത്തിലേക്ക് ആദ്യചുവടു വച്ചത്. പിന്നീട് പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി. 

അധികാര രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് പെരിയോറും പ്രിയ ശിഷ്യന്‍ അണ്ണാദുരൈയും വഴിമാറിയപ്പോള്‍ കരുണാനിധി അണ്ണാദുരൈയ്‌ക്കൊപ്പം ഉറച്ചുനിന്നു. സാമൂഹികനീതിയും പ്രാദേശിക വാദവുമുയര്‍ത്തി ഡിഎംകെ തമിഴക രാഷ്ട്രീയത്തില്‍ കാലുറപ്പിച്ചപ്പോള്‍ അതിന്റെ ആദര്‍ശമുഖം അണ്ണാദുരൈയും തന്ത്രങ്ങളുടെ തലപ്പത്ത് കരുണാനിധിയുമായിരുന്നു. സംസ്ഥാനത്തു പാര്‍ട്ടി അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം, 1969ല്‍ അണ്ണാദുരൈ ജീവിതത്തില്‍ വിടവാങ്ങി. പിന്‍ഗാമിയാകാനുള്ള മല്‍സരത്തില്‍ നെടുഞ്ചെഴിയനുള്‍പ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു. 

എംജിആറിന്റെ കൂടി പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേക്കു കരുണാനിധി നടന്നുകയറി. തൊട്ടുപിന്നാലെ, 1969 ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി അവരോധിതനായി. പെരിയോര്‍ രാമസാമിയോടുള്ള ആദരസൂചകമായി അണ്ണാദുരൈ പ്രസിഡന്റ് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. 1969 മുതല്‍ അഞ്ചുതവണ മുഖ്യമന്ത്രിയായ കരുണാനിധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ കണ്ടു. പഴയ സുഹൃത്ത് എംജിആര്‍ അണ്ണാഡിഎംകെ രൂപീകരിച്ചതിനു പിന്നാലെ 10 വര്‍ഷം അധികാരത്തില്‍നിന്നു പുറത്തായി. 

എങ്കിലും പാര്‍ട്ടിയെ ശക്തിയോടെ സ്വന്തം കീഴില്‍ നിര്‍ത്താന്‍ കരുണാനിധിക്കായി. എംജിആറിനു ശേഷം ജയലളിത വന്നപ്പോഴും ഡിഎംകെ തലപ്പത്തു തലയെടുപ്പോടെ കരുണാനിധിയുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ്, 2016 അവസാനം ആരോഗ്യകാരണങ്ങളാല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുന്നതുവരെ ഡിഎംകെയുടെ അവസാന വാക്ക് കലൈജ്ഞറുടേതായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com