ഹിന്ദി,ബ്രാഹ്മണ വിരോധം; പേരുപോലും മാറ്റിയ ദ്രാവിഡ വീര്യം: മുത്തുവേല്‍ കരുണാനിധി

ഇ.വി രാമസ്വാമി നായ്ക്കര്‍ക്കും അണ്ണാദുരൈയ്ക്കും ശേഷം ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയത് കലൈഞ്ജര്‍ എന്ന മുത്തുവേല്‍ കരുണാനിധിയായിരുന്നു
ഹിന്ദി,ബ്രാഹ്മണ വിരോധം; പേരുപോലും മാറ്റിയ ദ്രാവിഡ വീര്യം: മുത്തുവേല്‍ കരുണാനിധി

ബ്രാഹ്മണവിരോധവും ഹിന്ദി വിരോധവും ആളിക്കത്തിച്ചാണ് തമിഴ്‌നാട്ടില്‍ പെരിയാര്‍ മുതലിങ്ങോട്ടുള്ള എല്ലാ ദ്രാവിഡ നേതാക്കളും വളര്‍ന്നുവന്നത്. പെരിയാര്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ക്കും അണ്ണാദുരൈയ്ക്കും ശേഷം ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോയത് കലൈഞ്ജര്‍ എന്ന മുത്തുവേല്‍ കരുണാനിധിയായിരുന്നു. സിനിമകളിലൂടെയും നാടകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കരുണാനിധി ദ്രാവിഡ രാഷ്ട്രീയം ആളിക്കത്തിച്ചുകൊണ്ടേയിരുന്നു. 

ഒരേസമയം ഡിഎംകെയിലെത്തിയ എംജിആറിനെക്കാള്‍ നൂറുമടങ്ങ് ശക്തിയിലാണ് കലൈഞ്ജര്‍ ദ്രാവിഡ രാഷ്ട്രീയം പറഞ്ഞത്. തന്റെ സിനിമകളില്‍ ദ്രാവിഡ രാഷ്ട്രീയം പറയുന്നതില്‍ എംജിആര്‍ പരിധികള്‍ വെച്ചുതുടങ്ങിയത് മുതലാണ് ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ അസ്വാസര്യങ്ങള്‍ ഉടലെടിത്തതും എഐഎഡിഎംകെ രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കമായതും ദ്രാവിഡ പോരാട്ടങ്ങള്‍ക്ക് തമിഴ് ദേശം സാക്ഷ്യം വഹിച്ചതും എന്നത് ചരിത്രം. 

ദക്ഷിണാമൂര്‍ത്തി എന്ന സ്വന്തം പേര് മാറ്റി മുത്തുവേല്‍ കരുണാനിധിയെന്നാക്കിയതുപോലും ഉത്തരേന്ത്യന്‍ ബ്രാഹ്മണ വിരോധം കാരണമായിരുന്നു. പെരിയാരോട് പിണങ്ങി അണ്ണാദുരൈ 1949ല്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന് രൂപംകൊടുത്തപ്പോള്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയായി മുന്നില്‍ നിന്നു കരുണാനിധി. രാഷ്ട്രീയ സംഘടനയായി ഡിഎകെയെ മാറ്റുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പെരിയാറെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയ കരുണാനിധി ഗ്രാമങ്ങളിലും നഗരങ്ങളിലും ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടി വളര്‍ന്നുവരുന്നതിന്റെ ആവശ്യത്തെക്കുറിച്ച് തൊണ്ടപൊട്ടിച്ചു. 

1957ലെ ആദ്യ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം രാഷ്ട്രീയത്തില്‍ വന്‍ വളര്‍ച്ചയാണ് കരുണാനിധിക്കുണ്ടായത്. 1961ല്‍ ഡിഎംകെയുടെ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തന്നെ (1962ല്‍) പ്രതിപക്ഷ ഉപനേതാവായി മാറി. 1967ല്‍ അണ്ണാദുരൈ മന്ത്രിസഭയില്‍ പൊതുമരമാമത്ത് മന്ത്രിയായ കരുണാനിധി അദ്ദേഹത്തിന്റെ മരണശേഷം 1969ല്‍ മുഖ്യമന്ത്രിപദത്തിലേക്കും എത്തി. അഞ്ചുതവണയാണ് കരുണാനിധി തമിഴ്‌നാട് അടക്കിഭരിച്ചത്. എന്നാൽ ചെറുത്തു നിൽപ്പുകളുടെ രാഷ്ട്രീയം തമിഴരർക്ക് കാട്ടി കൊടുത്ത അതേ തീവ്ര ദ്രാവിഡവാദി ഹിന്ദുത്വവാദികൾക്കൊപ്പം ചേർന്ന് അധികാരം കയ്യാളുന്നതും രാജ്യം കണ്ടു.  അധികാരത്തിനൊപ്പം നിന്നില്ലെങ്കിൽ അതിജീവനമുണ്ടാകില്ല എന്ന തോന്നൽ കരുണാനിധിയെ വാജ്‌പേയ് സർക്കാരിനൊപ്പം നില്ക്കാൻ പ്രേരിപ്പിച്ചു. 

ഡിഎംകെയ്ക്കും എഐഎഡിഎയ്ക്കും ശേഷം കൂണുപോലെ ദ്രാവിഡ കക്ഷികള്‍ തമിഴ്‌നാട്ടില്‍ മുളച്ചുപൊന്തി. എന്നിരുന്നാലും ദ്രാവിഡപാര്‍ട്ടി എന്ന് കേള്‍ക്കുമ്പോള്‍ ഓടിയെത്തുക കലൈഞ്ജരും ഡിഎംകെയും ആയിരിക്കും. കരുണാനിധിയിലൂടെ അവസാനമാകുന്നത് തനത് ദ്രാവിഡ രാഷ്ട്രീയത്തിന്റെ സ്വതസിദ്ധമായ ശൈലികൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com