തമിഴകത്ത് ബന്ദ് പ്രതീതി, ചെന്നൈ ശക്തമായ സുരക്ഷയില്‍

തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെടുമെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ വ്യക്തമാക്കിയിട്ടുണ്ട്
തമിഴകത്ത് ബന്ദ് പ്രതീതി, ചെന്നൈ ശക്തമായ സുരക്ഷയില്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ വിയോഗം സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു. തമിഴകത്ത് ബന്ദിന്റെ പ്രതീതി ഉടലെടുത്തതോടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. 

തമിഴ്‌നാട്ടില്‍ നിന്നുമുള്ള സര്‍വീസുകളും നിര്‍ത്തലാക്കിയത് ജനങ്ങളെ വലച്ചു. നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന സൂചനയെ തുടര്‍ന്ന് മുന്‍ കരുതലായി ചെന്നൈ  നഗരത്തിലെ ഐടി സ്ഥാപനങ്ങളും വ്യവസായ ശാലകളും മറ്റും ജീവനക്കാരെ നേരെ വിട്ടയച്ചു. 

മധുര ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടിയതും പൊതുജനങ്ങളെ ബാധിച്ചു. തമിഴ്‌നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെടുമെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ഡിപ്പോയില്‍ നിന്നും മാത്രമായി 14 ചെയിന്‍ സര്‍വീസുകളാണ് കോയമ്പത്തൂരിലേക്കുള്ളത്. 

പ്രധാനമന്ത്രി ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ ചെന്നൈയിലേക്ക് എത്തുന്നതിനെ തുടര്‍ന്ന ശക്തമായ സുരക്ഷയ്ക്കുള്ളിലാണ് ചെന്നൈ ഇപ്പോള്‍. 1.20 ലക്ഷം പൊലീസുകാരെയാണ് സംസ്ഥാനത്താകെ നിയോഗിച്ചിരിക്കുന്നത്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മറ്റ് നഗരങ്ങളില്‍ നിന്നായി 20 ഐപിഎല് ഉദ്യോഗസ്ഥര്‍ അധികമായി എത്തിയാണ് സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊലീസിനെ കൂടാതെ അര്‍ധസൈനീക വിഭാഗത്തിന്റെ 12 കമ്പനിയും ചെന്നൈ നഗരത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com