മുട്ട വില്‍ക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസ് സ്റ്റേഷനില്‍,കേസെടുത്തു

മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചു എന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു
മുട്ട വില്‍ക്കാന്‍ നിര്‍ബന്ധിച്ചു; ഭര്‍ത്താവിനെതിരെ ഭാര്യ പൊലീസ് സ്റ്റേഷനില്‍,കേസെടുത്തു

അഹമ്മദാബാദ്: മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിച്ചു എന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. രണ്ടു കുട്ടികളുടെ അമ്മയും ഒമാന്‍ സ്വദേശിനിയുമായ യുവതി ഗുജറാത്തിലെ സര്‍ക്കേജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. 

2016 മുതല്‍ 2018 ജൂലൈ വരെയുളള കാലയളവില്‍ മുട്ട വില്‍പ്പന നടത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നതാണ് കേസിന് ആധാരം. അജ്മീര്‍, ഉദയ്പൂര്‍, വഡോദര എന്നി സ്ഥലങ്ങളില്‍ കൊണ്ടുപോയി മുട്ട വില്‍പ്പന നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു.  കടം കയറിയതുമൂലം പണം കണ്ടെത്താന്‍ മുട്ടവില്‍പ്പന മാത്രമേ പോംവഴിയുളളു എന്ന് ചൂണ്ടിക്കാണിച്ച് തൊഴില്‍രഹിതനായ ഭര്‍ത്താവ്  തന്നെ ഇതിന് നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

മുട്ട വില്‍പ്പനയെ എതിര്‍ത്തതിന് തന്നെ ഭര്‍ത്താവ് തല്ലിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുളള രേഖകളില്‍ തന്റെ അറിവില്ലാതെ ഒപ്പിടിവിച്ചെന്നും ഭാര്യ ആരോപിക്കുന്നു. തന്റെ വിദ്യാഭ്യാസം അറബിക് ഭാഷയില്‍ ആയതിനാല്‍ ഗുജറാത്തി ഭാഷയിലുളള രേഖകള്‍ തനിക്ക്  വായിച്ച് മനസിലാക്കാന്‍ സാധിച്ചില്ലെന്നും
അവര്‍ പരാതിയില്‍ പറയുന്നു.  ഇക്കാര്യം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ വീണ്ടും തന്നെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നു. 

2010ലാണ് ഇരുവരും വിവാഹിതരായത്. 2016ല്‍ മരിക്കുന്നതുവരെ തന്റെ അമ്മ ഭര്‍ത്താവിന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മറ്റുളളവരുടെ കൈയില്‍ നിന്നും വായപ വാങ്ങിയാണ് ഇയാള്‍ കടക്കെണിയില്‍  അകപ്പെട്ടത്. തുടര്‍ന്നാണ് പണം കണ്ടെത്താന്‍ തന്നെ മുട്ടവില്‍പ്പനയ്ക്ക് നിര്‍ബന്ധിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com