പുസ്തകത്തിനും യൂണിഫോമിനും ഫണ്ടില്ല, സ്വച്ഛ് ഭാരത് പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ ട്രെയിന്‍ രൂപത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്; കുട്ടികളെ ആകര്‍ഷിക്കാനെന്ന് വിശദീകരണം

ക്ലാസ് മുറികള്‍ കണ്ടാലിപ്പോള്‍ ശരിക്കും ട്രെയിനിലെ ബോഗികള്‍ പോലെയാണ് തോന്നുക. ചുവപ്പ് നിറമണ് ക്ലാസ്മുറികള്‍ക്ക് നല്‍കിയിരിക്കുന്നത്.
പുസ്തകത്തിനും യൂണിഫോമിനും ഫണ്ടില്ല, സ്വച്ഛ് ഭാരത് പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂള്‍ ട്രെയിന്‍ രൂപത്തിലാക്കി വിദ്യാഭ്യാസ വകുപ്പ്; കുട്ടികളെ ആകര്‍ഷിക്കാനെന്ന് വിശദീകരണം

 ഫിറോസാബാദ്:  പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്ക് പോലും പുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാതെ സ്‌കൂള്‍ , ട്രെയിന്‍ രൂപത്തില്‍ നിറം മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഫിറോസാബാദിലെ സര്‍ക്കാര്‍ സ്‌കൂളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ' സ്വച്ഛ് ഭാരത്' പ്രോത്സാഹിപ്പിക്കുന്നതിനായി ട്രെയിന്‍ രൂപത്തിലാക്കിയത്. രൂപം മാത്രമല്ല, സ്‌കൂളിന്റെ പേര് തന്നെ 'സ്വച്ഛതാ എക്‌സ്പ്രസ്‌' എന്ന് മാറ്റിയിട്ടുമുണ്ട്.  കുട്ടികളില്‍ ശുചിത്വ ശീലം വര്‍ധിപ്പിക്കുന്നതിനും സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ്  ഈ പരിഷ്‌കാരമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 

ക്ലാസ് മുറികള്‍ കണ്ടാലിപ്പോള്‍ ശരിക്കും ട്രെയിനിലെ ബോഗികള്‍ പോലെയാണ് തോന്നുക. ചുവപ്പ് നിറമണ് ക്ലാസ്മുറികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളിലായി 170 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്. എട്ട് ടീച്ചര്‍മാര്‍ മാത്രമാണ് ഇവരെ പഠിപ്പിക്കുന്നതിനായി ഉള്ളത്. 

സംസ്ഥാനത്തെ പത്ത് സ്‌കൂളുകള്‍ കൂടി ഇതേരൂപത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികള്‍ക്ക് പുറമേ ഗ്രാമവാസികളും പുതിയ ട്രെയിന്‍ സ്‌കൂള്‍ കാണുന്നതിനായി എത്താറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.

വിദ്യാഭ്യാസ നിലവാരത്തകര്‍ച്ച രൂക്ഷമായ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് ഉത്തര്‍പ്രദേശിന്റെ സ്ഥാനം. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പരിതാപകരമായ അവസ്ഥയിലാണ് ഉള്ളത്.2015 ല്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ 39: 1 ആണ് പ്രൈമറി ക്ലാസുകളിലെ അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം.യൂണിഫോമുകളും പുസ്തകങ്ങളും സമയത്തിന് കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവാത്തതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരതിന്റെ പ്രമോഷനായി അനാവശ്യമായി പണം ചിലവഴിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com