സഹായം ഇനി വേണ്ട; സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപ് 

ഇന്ത്യ നല്‍കിയ ഹെലികോപ്റ്ററുകള്‍ ആരോഗ്യ മേഖലയിലാണ് ഉപയോഗിക്കുന്നതെന്നും ഇനിയതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് സൈന്യത്തേയും ഹെലികോപ്റ്ററും പിന്‍വലിക്കാന്‍ മാലിദ്വീപ് ആവശ്യപ്പെട്ടത്
സഹായം ഇനി വേണ്ട; സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപ് 

മാലെ: രാജ്യത്തുള്ള സൈനിക ഹെലികോപ്റ്ററുകളെയും സൈന്യത്തേയും പിന്‍വലിക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപ്. കരാര്‍ ജൂണില്‍ അവസാനിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ഹെലികോപ്റ്ററുകള്‍ ആരോഗ്യ മേഖലയിലാണ് ഉപയോഗിക്കുന്നതെന്നും ഇനിയതിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് സൈന്യത്തേയും ഹെലികോപ്റ്ററും പിന്‍വലിക്കാന്‍ മാലിദ്വീപ് ആവശ്യപ്പെട്ടത്. ഹെലികോപ്റ്ററുകളെ കൂടാതെ, അറ്റകുറ്റപ്പണികള്‍ക്കുള്ള ജീവനക്കാര്‍, പൈലറ്റുമാര്‍ എന്നിവരുള്‍പ്പെടെ 50ഓളം സൈനികരെയും ഇന്ത്യ മാലിദ്വീപില്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യയുടെ സഹായത്തിന് പകരം തങ്ങള്‍ സ്വന്തമായി ഉപാധികള്‍ കണ്ടെത്തിയെന്നും ഇന്ത്യയിലെ മാലിദ്വീപ് അംബാസിഡര്‍ അഹമ്മദ് മൊഹദ് വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാലിദ്വീപിന് പ്രതിരോധ രംഗത്തെ എല്ലാ സഹായങ്ങളും നല്‍കിയത് ഇന്ത്യയായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ചൈനയുടെ സഹായത്തോടെ മാലിദ്വീപില്‍ റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു. 

രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് മാലിദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായത്. മാലിദ്വീപിലെ ഭരണപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അബ്ദുല്ല യമീന്‍ ഇന്ത്യ ഒഴികെ ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തിയതും യമീന്‍ സര്‍ക്കാരിന് അതൃപ്തിയുണ്ടാക്കി.

നിലവില്‍ മാലിദ്വീപില്‍ ഇന്ത്യയുടെ രണ്ട് ഹെലികോപ്റ്ററും സൈന്യവുമാണുള്ളതെന്ന് ഇന്ത്യന്‍ സൈനിക അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com